ന്യൂഡല്‍ഹി: ഡല്‍ഹി ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ഥി റാലിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ജനുവരി 19ന് വാദം കേള്‍ക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കാനിരുന്ന ഈ കേസ്, ജഡ്ജി ദീപക് ഷെരാവത്ത് അവധിയിലായതിനാലാണ് മാറ്റിവച്ചത്. 


വിദ്യാർഥി യൂണിയന്‍ മുൻ പ്രസിഡന്‍റ് കനയ്യ കുമാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് ഇന്നലെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 1200 പേജുകളുള്ള കുറ്റപത്രമാണ് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.


രാജ്യദ്രോഹകുറ്റം ചുമത്തി ആണ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്‌. രാജ്യദ്രോഹത്തിന് (IPC 124 A ), പുറമെ കലാപം ഉണ്ടാക്കല്‍ (147), അനധികൃതമായി സംഘം ചേരല്‍ (149) എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കനയ്യ കുമാര്‍ ആണ് പ്രകടനത്തിനും, മുദ്രാവാക്യം വിളിക്കും നേതൃത്വം നല്‍കിയത് എന്ന് പൊലീസ് കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുണ്ട്. 


കനയ്യ കുമാറിന് പുറമെ സയ്യദ് ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവര്‍ക്ക് എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കശ്മീരി സ്വദേശികള്‍ ആയ അക്വിബ് ഹുസൈന്‍, മുജീബ് ഹുസ്സൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുള്‍, റയീസ് റസൂല്‍, ബാഷാരത് അലി, ഖാലിദ് ബഷീര്‍ ഭട്ട് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.


അതേസമയം, ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതില്‍ കനയ്യ കുമാര്‍ പൊലീസിനും പ്രധാനമന്ത്രിയ്ക്കും നന്ദി പറഞ്ഞു. കൂടാതെ, സംഭവം നടന്ന് 3 വർഷങ്ങൾക്ക് ശേഷം ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കുറ്റപത്രം നൽകിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് താന്‍ കരുതുന്നതായും, രാജ്യത്തിന്‍റെ നീതിന്യായവ്യവസ്ഥയിൽ താന്‍ വിശ്വസിക്കുന്നതായും കനയ്യ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 


ഡൽഹി ​പൊലീസ്​ മൂന്ന്​ വർഷം മുന്‍പാണ്‌ ഈ വിഷയത്തില്‍ അന്വേഷണം തുടങ്ങിയത്. അഫ്​സൽ ഗുരുവി​നെ  തൂക്കിലേറ്റിയതിനെതിരെ 2016 ഫെബ്രുവരി 9ന്​ കനയ്യ കുമാറിന്‍റെ നേതൃത്വത്തിൽ ജെഎൻയുവിൽ പ്രതിഷേധ മാർച്ച്​ സംഘടിപ്പിച്ചിരുന്നു. എന്നാൽ ജെഎൻയുവിൽ നടന്ന പരിപാടിക്ക്​ അനുമതി വാങ്ങിയില്ലെന്ന്​ കണ്ടെത്തിയതിനെ തുടർന്ന്​ സംഘത്തെ ​പൊലീസ്​ തടഞ്ഞു. അതോടെ കനയ്യ കുമാർ മുന്നോട്ടു വന്ന്​ സുരക്ഷാ ഉദ്യേഗസ്​ഥരോട്​ കയർക്കുകയും സംഘം ചേർന്ന്​ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു എന്നാണ്​ കുറ്റപത്രത്തിൽ പറയുന്നത്​.