ഹൈദരാബാദ്: ഹൈദരബാദിൽ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തില്‍ തെലങ്കാന ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ സ്വമേധയാ കേസെടുത്ത കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ ഹൈദരബാദിലെത്തി തെളിവെടുത്തു. കൂടാതെ, കേസുമായി ബന്ധപ്പെട്ട് 2 ഹർജികൾ സുപ്രീംകോടതിയും ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.


അതേസമയം, വിവിധ മനുഷ്യാവകാശ സംഘടനകളിൽ പ്രവർത്തിക്കുന്ന 9 പേർ ചേർന്നാണ് തെലങ്കാന ഹൈക്കോടതിയിൽ ഹര്‍ നല്‍കിയിരിക്കുന്നത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പ്രതികളുടെ മരണം പോലീസ് നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി.


എന്നാല്‍, കൊല്ലപ്പെട്ട 4 പ്രതികളുടെയും മൃതദേഹങ്ങൾ സംസ്കരിക്കുന്നത് തിങ്കളാഴ്ച രാത്രി 8 മണി വരെ കോടതി തടഞ്ഞിട്ടുണ്ട്. കൂടാതെ, പോസ്റ്റ്മോർട്ടം ചെയ്തതിന്‍റെ ദൃശ്യങ്ങൾ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 


അതേസമയം, സംഭവത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ തെളിവെടുപ്പിനായി ശനിയാഴ്ച ഹൈദരാബാദിൽ എത്തിയിരുന്നു. ബലാസംഗത്തിനിരയായ പെൺകുട്ടിയും പ്രതികളായ നാലുപേരും മരിച്ച സ്ഥലവും പോസ്റ്റ്മോർട്ടങ്ങൾ നടത്തിയ ആശുപത്രിയും സംഘം സന്ദർശിച്ച്, തെളിവെടുപ്പ് നടത്തി. ഈ റിപ്പോർട്ട് ഉടൻ കേന്ദ്രത്തിന് കൈമാറും


കേസ് പ്രത്യേക സംഘം അന്വേഷിക്കുക, ഏറ്റുമുട്ടൽ കൊലപാതകത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് സുപ്രീംകോടതിയിൽ നൽകിയ ഹര്‍ജികളിലുള്ളത്.


തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികള്‍ സ്വയരക്ഷയ്ക്കായി പോലീസ് നടത്തിയ പ്രത്യാക്രമണത്തിനെ കൊല്ലപ്പെട്ടെന്നാണ് സംഭവത്തില്‍ പോലീസ് നല്‍കുന്ന വിശദീകരണം. 


വെറ്ററിനറി ഡോക്ടറായ യുവതിയെ 27ന് ബുധനാഴ്ച രാത്രിയാണ് നാലംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ്-ബംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.