ഡല്‍ഹി: ചൈനീസ് പ്രകോപനത്തിന് പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റലിയുടെ ചുട്ടമറുപടി. 1962ലെ ഇന്ത്യയല്ല 2017ലെ ഇന്ത്യയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. കഴിഞ്ഞ ദിവസം 1962 യുദ്ധം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ സൈന്യം ചരിത്രം പഠിക്കണമെന്ന് ചൈന പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് ജെയ്റ്റ്‌ലി ഈ കാര്യം പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

1962ലെ സാഹചര്യത്തെക്കുറിച്ചാണ് അവര്‍ക്ക് നമ്മളോട് പറയാനുള്ളതെങ്കില്‍ അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ എന്ന കാര്യം മാത്രമാണ് എനിക്ക് ഓര്‍മ്മപ്പെടുത്താനുള്ളത്. ഡല്‍ഹിയില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ജെയ്റ്റലി പറഞ്ഞു.


ഭൂട്ടാന്‍റെ അധീനതയിലുള്ള പ്രദേശത്ത് ചൈന കടന്നുകയറിയതായി ഭൂട്ടാൻ സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും, അതിർത്തിയിലെ റോഡു നിർമാണത്തെ പരാമർശിച്ച് ജയ്റ്റ്‍ലി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ഭൂട്ടാൻ സർക്കാരിന്റെ പ്രസ്താവന പുറത്തുവന്നിട്ടുള്ള സാഹചര്യത്തിൽ കാര്യങ്ങൾ വ്യക്തമാണ്. അവിടെ സുരക്ഷ നല്‍കാനുള്ള സംവിധാനങ്ങളെല്ലാം ഇന്ത്യയും ഭൂട്ടാനും ചെയ്തിട്ടുണ്ടെന്നും ജെയ്റ്റലി വ്യക്തമാക്കി.


ചൈന-ഭൂട്ടാന്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ദോക്‌ല മേഖലയില്‍ ചൈനീസ് സൈന്യം റോഡ് നിര്‍മ്മിക്കുന്നതിലെ അതൃപ്തി ഇന്ത്യ ചൈനയെ അറിയിച്ചു കഴിഞ്ഞു. ഇന്ത്യ, ഭൂട്ടാന്‍, ടിബറ്റ് ട്രൈജംഗ്ഷനില്‍ വരുന്ന പ്രദേശമാണിത്. തങ്ങളുടെ പ്രദേശത്ത് റോഡ് നിര്‍മ്മിക്കാനുള്ള ശ്രമത്തിനെതിരെ ഭൂട്ടാനും ചൈനീസ് സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. 


സൈനിക പട്രോളിംഗ് സജീവമാക്കി ക്രമേണ ആ പ്രദേശം പിടിച്ചെടുക്കാനാണ് ചൈനയുടെ നീക്കമെന്നാണ് ഇന്ത്യ വിമര്‍ശിക്കുന്നത്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് ചൈന കഴിഞ്ഞ ദിവസം അതിര്‍ത്തി അടച്ചിരുന്നു.