IT Rules 2021: ഐടി ചട്ടങ്ങൾ മനുഷ്യാവകാശ ലംഘനമല്ലെന്ന് യുഎന്നിന് ഇന്ത്യയുടെ മറുപടി
നിരവധി ചർച്ചകൾക്ക് ശേഷമാണ് ഐടി ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതെന്ന് യുഎന്നിലെ ഇന്ത്യൻ മിഷൻ വ്യക്തമാക്കി
ന്യൂഡൽഹി: ഐടി ചട്ടങ്ങളെ (IT Rules) സംബന്ധിച്ചുള്ള വിമർശനത്തിന് ഐക്യരാഷ്ട്ര സഭയ്ക്ക് മറുപടിയുമായി ഇന്ത്യ. രാജ്യത്തെ പുതിയ ഐടി ചട്ടങ്ങൾ മനുഷ്യാവകാശ ലംഘനമല്ലെന്ന് ഇന്ത്യ വ്യക്തമാക്കി. നിരവധി ചർച്ചകൾക്ക് ശേഷമാണ് ഐടി ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതെന്ന് യുഎന്നിലെ ഇന്ത്യൻ മിഷൻ (Indian Mission) വ്യക്തമാക്കി. മനുഷ്യാവകാശ മാനദണ്ഡം ലംഘിച്ചെന്നായിരുന്നു യുഎന്നിന്റെ വിമർശനം.
സാമൂഹിക മാധ്യമങ്ങളിലെ സാധാരണക്കാർക്കായാണ് ചട്ടമെന്ന് ഇന്ത്യ വിശദീകരിച്ചു. ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ (Social Media) സാധാരണ ഉപഭോക്താക്കളെ ശാക്തീകരിക്കാനാണ് നടപടിയെന്നും ഇന്ത്യ വ്യക്തമാക്കി.
അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം നിൽക്കുന്നതാണ് ഇന്ത്യയിലെ പുതിയ ഐടി നിയമമെന്ന് കാണിച്ച് യുഎൻ (United Nation) പ്രതിനിധി നൽകിയ കത്തിനാണ് ഇന്ത്യ മറുപടി നൽകിയിരിക്കുന്നത്. ഐടി ചട്ടങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളുമായി പെരുത്തപ്പെടുന്നില്ലെന്ന് യുഎൻ കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഐടി ചട്ടങ്ങൾ മനുഷ്യാവകാശ ലംഘനമല്ലെന്ന് ഇന്ത്യ മറുപടി നൽകി. രാജ്യത്ത് സാമൂഹിക മാധ്യമങ്ങളിലെ സാധാരണക്കാരായ ഉപയോക്താക്കളെ ശാക്തീകരിക്കാനാണ് പുതിയ ചട്ടങ്ങൾ കൊണ്ടുവന്നതെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.
അതേസമയം, യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സമൂഹമാധ്യമമായ ട്വിറ്ററിനുള്ള എല്ലാ നിയമപരിരക്ഷയും ഒഴിവാക്കിയെന്ന് കേന്ദ്ര ഐടി മന്ത്രി രവി ശങ്കർ പ്രസാദ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അവസരങ്ങൾ പല തവണ നൽകിട്ടും ട്വിറ്റർ മനപൂർവം സർക്കാരിന്റെ നിബന്ധനകൾ നടപ്പിലാക്കാതിരിക്കാൻ ശ്രമിക്കുകയാണെന്ന് രവി ശങ്കർ പ്രസാദ് കുറ്റപ്പെടുത്തി. എന്നാൽ തങ്ങൾ നടപ്പിലാക്കുന്ന ഒരോ പുരോഗതിയും ഐടി മന്ത്രാലയത്തെ അറിയിക്കുന്നുണ്ടെന്ന് ട്വിറ്റർ അറിയിച്ചു. താൽക്കാലികമായി ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമച്ചതായി ട്വിറ്ററിന്റെ ഇന്ത്യൻ വക്താവ് പറഞ്ഞു. ഇക്കാര്യം ഉടൻ തന്നെ ഐടി മന്ത്രാലയത്തെ അറിയിക്കുമെന്ന് അദ്ദേഹം അറിയിച്ചു
കേന്ദ്ര സർക്കാരിന്റെ പുതുക്കിയ ഐടി നയങ്ങൾ പാലിച്ചില്ലങ്കിൽ സമൂഹമാധ്യമങ്ങൾക്കുള്ള നിയമപരിരക്ഷ പിൻവലിക്കുമെന്ന് നേരത്തെ ഐടി മന്ത്രാലയം ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾക്ക് താക്കീത് നൽകിയിരുന്നു. കേന്ദ്രത്തിന്റെ പുതിയ ചട്ടങ്ങൾ പാലിക്കാൻ സമയം വേണമെന്ന് ട്വിറ്റർ ഐടി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. അതിന് സമയം നൽകിട്ടും നയങ്ങൾ പാലിക്കാൻ ട്വിറ്റർ തയ്യറാകാത്തതിനെ തുടർന്നാണ് സർക്കാർ നിയമപരിരക്ഷ ഒഴിവാക്കിയത്. ട്വിറ്ററിന്റെ നിയമപരിരക്ഷ കേന്ദ്ര സർക്കാർ ഒഴിവാക്കിയതോടെ ട്വിറ്ററിലെ ഉള്ളടക്കത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള പരാതി വന്നാൽ അത് ട്വിറ്റർ നേരിടേണ്ടി വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...