Aditya-L1: ചന്ദ്രനെ തൊട്ടു, അടുത്തത് സൂര്യൻ; ആദിത്യ എൽ 1 വിക്ഷേപണം സെപ്റ്റംബർ 2ന്
Aditya-L1 Launch Date: സൂര്യനെ കുറിച്ച് പഠിക്കുന്നതിനായുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ആദിത്യ എൽ-1.
ബെംഗളൂരു: ചന്ദ്രയാൻ 3 വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ സൗരദൗത്യം പ്രഖ്യാപിച്ച് ഐഎസ്ആർഒ. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 സെപ്റ്റംബർ 2ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് പകൽ 11.50നാണ് വിക്ഷേപണം.
സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ഇന്ത്യൻ ദൗത്യമാണ് ആദിത്യ എൽ1. വിക്ഷേപണത്തിന് ശേഷം 125 ദിവസമാണ് യാത്ര. ഭൂമിയിൽ നിന്ന് 1.5 മില്യൻ കിലോ മീറ്റർ അകലം വരെയെത്തി സൂര്യനെ നിരീക്ഷിക്കുകയാണ് ചെയ്യുക. സൗരോർജ്ജ പ്രവർത്തനങ്ങളും കാലാവസ്ഥയിൽ അവയുടെ സ്വാധീനവും തത്സമയം നിരീക്ഷിക്കുന്നതിന് ഈ ദൗത്യം കൂടുതൽ സഹായിക്കും.
കൊറോണൽ മാസ് ഇജക്ഷൻ (സിഎംഇ) എന്നതിനെക്കുറിച്ചാണ് പ്രധാനമായി പഠിക്കുക. ക്രോമോസ്ഫെറിക്, കൊറോണൽ താപനം, അയോണൈസ്ഡ് പ്ലാസ്മയുടെ ഭൗതികശാസ്ത്രം, കൊറോണൽ മാസ് ഇജക്ഷനുകൾ, ഫ്ലേറുകൾ, സൂര്യനിൽ നിന്നുള്ള കണികാ ഗതിവിഗതികൾ എന്നിവയെ കുറിച്ച് പഠിക്കും. രജിസ്റ്റർ ചെയ്ത ശേഷം (https://lvg.shar.gov.in/VSCREGISTRATION/index.jsp.) ശ്രീഹരിക്കോട്ടയിലെ ലോഞ്ച് വ്യൂ ഗാലറിയിൽ നിന്ന് ആദിത്യയുടെ ലോഞ്ച് കാണാൻ ജനങ്ങൾക്ക് ക്ഷണമുണ്ട്.
ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ഇറങ്ങിയതോടെ ഇന്ത്യ വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യം എന്ന ചരിത്ര നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ചന്ദ്രയാൻ - 2ന്റെ ക്രാഷ് ലാൻഡിംഗ് നൽകിയ നിരാശയ്ക്ക് അറുതി വരുത്തിയാണ് മൂന്നാം ദൗത്യം ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയത്. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങിയ നാലാമത്തെ രാജ്യമാണ് ഇന്ത്യ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...