ജമ്മു കശ്മീര്‍;ബിജെപി കണക്ക് കൂട്ടുന്നത് എന്ത്..?
2019 ഓഗസ്റ്റ് 5നായിരുന്നു രാജ്യത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ സമാനതകള്‍ ഇല്ലാത്ത തീരുമാനം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്.
2019 ഓഗസ്റ്റ് 5നായിരുന്നു രാജ്യത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ സമാനതകള്‍ ഇല്ലാത്ത തീരുമാനം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്.
രാജ്യത്തെ സംബന്ധിച്ചടുത്തോളം ചരിത്രപരമായ തീരുമാനങ്ങളില്‍ ഒന്നായിരുന്നു കശ്മീര്‍ പ്രത്യേകാധികാര നിയമം അഥവാ 370ാം വകുപ്പ് റദ്ദാക്കല്‍.
പരക്കെ സ്വാഗതം ചെയ്യപ്പെടുകയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്ത നടപടി കശ്മീരിനെ എങ്ങനെ ബാധിച്ചുവെന്ന് നോക്കിയാല്‍,അതില്‍ നിന്ന്
തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എന്താണ് ലക്ഷ്യം വെച്ചതെന്ന് മനസിലാകും.ബിജെപി കൃത്യമായ കണക്ക് കൂട്ടലോടെ
തന്നെയാണ് തങ്ങളുടെ അജണ്ട നടപ്പിലാക്കുന്നത്.
ഭീകരവാദവും വികസന മുരടിപ്പും പിടിമുറുക്കിയ ഭൂമിയിലെ സ്വര്‍ഗത്തിന് പുത്തനുണര്‍വ്വാണ് 370ാം വകുപ്പ് റദ്ദാക്കലിലൂടെ ലഭിച്ചത്.
പ്രത്യേക അധികാരങ്ങള്‍ ഒഴിവാക്കിയതിന് പിന്നാലെ ശതകോടികളുടെ വികസന പദ്ധതികളാണ് ജമ്മു കശ്മീരിനായി മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി പ്രഖ്യാപിച്ച 80,063 കോടി രൂപയുടെ വികസന പാക്കേജില്‍ 63 പദ്ധതികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിച്ചുവെന്നത് എടുത്ത് പറയേണ്ട കാര്യമാണ്.
പതിനായിരത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇതുവഴി സാധിച്ചു. പുതിയ ഡിഗ്രി കോളേജുകള്‍ ആരംഭിച്ചതോടെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് മുടങ്ങിപ്പോയ കശ്മീരി വിദ്യാര്‍ത്ഥികളുടെ
പഠനം പുനരാരംഭിക്കുന്നതിന് കഴിഞ്ഞു,ഇത് വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുന്ന കാര്യമാണ്.
പുതിയ ഏഴ് മെഡിക്കല്‍ കോളേജുകള്‍, അഞ്ച് നഴ്‌സിങ് കോളേജുകള്‍, ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി ആരോഗ്യ മേഖലയില്‍
വന്‍ മുന്നേറ്റമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കശ്മീരില്‍ സംഭവിച്ചത്.
ആരോഗ്യ മേഖലയില്‍ മാത്രം ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.
370-ാം വകുപ്പ് റദ്ദാക്കപ്പെട്ടതിന് പിന്നാലെ കശ്മീരിനെ കലാപഭൂമിയാക്കാനുള്ള നീക്കം ഫലപ്രദമായി പ്രതിരോധിക്കാനും കേന്ദ്ര സര്‍ക്കാരിനും
ആഭ്യന്തര മന്ത്രാലയത്തിനും സാധിച്ചു.സുരക്ഷാ സേനയുടെ പ്രവര്‍ത്തനം എടുത്ത് പറയേണ്ടതാണ്.
ചുരുങ്ങിയ പക്ഷം കാശ്മീരി സ്ത്രീകളുടെ നിയമപരവും സാമൂഹികവുമായ ഉന്നതി ഉറപ്പാക്കാന്‍ 370ാം വകുപ്പ് റദ്ദാക്കിയതിലൂടെ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍
വ്യക്തമാക്കുന്നത്.
തദ്ദേശീയനല്ലാത്ത ഒരാളെ വിവാഹം ചെയ്യുകയാണെങ്കിൽ കുടുംബസ്വത്തിനുള്ള അവകാശം നഷ്ടപ്പെടുന്ന സ്ഥിതിയായിരുന്നു ഇതുവരെ
കാശ്മീരിലെ യുവതികൾക്കുണ്ടായിരുന്നത്. 370ാം വകുപ്പിന്റെ ഭാഗമായ 35 A വ്യവസ്ഥയനുസരിച്ചാണ് പുറത്തുള്ളയാളെ വിവാഹം ചെയ്താൽ
കുടുംബസ്വത്തിലുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നത്. 35 A വകുപ്പനുസരിച്ച്, ആരാണ് ജമ്മു കാശ്മീർ സംസ്ഥാനത്തെ സ്ഥിരതാമസക്കാരൻ എന്ന്
നിർണയിക്കാനുള്ള അധികാരം സംസ്ഥാന ഗവർമെന്റിനായിരുന്നു. സംസ്ഥാനത്ത് താമസിക്കാനും ഭൂമി സ്വന്തമാക്കാനും സർക്കാർ ജോലി നേടിയെടുക്കാനും
ഇങ്ങനെ നിർണയിക്കപ്പെടുന്ന സ്ഥിരതാമസക്കാർക്കു മാത്രമേ സാധിക്കുമായിരുന്നുള്ളൂ.ഈ അവസ്ഥയാണ് എന്ന് മാറിയിരിക്കുന്നത്.ഇത് സ്ത്രീകളെ സംബന്ധിച്ചടുത്തോളം
ഏറെ പ്രാധാന്യം ഉള്ളതാണ്.
2019 ആഗസ്ത് 5 ന് പ്രത്യേക പദവി നീക്കിക്കൊണ്ടുള്ള ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചു കൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്,
“ഇതര സംസ്ഥാനത്തുള്ളയാളെ വിവാഹം ചെയ്യുന്ന കാശ്മീരിലെ പെൺമക്കൾക്ക് സ്വത്തവകാശം നഷടപ്പെടുന്നു.
ഇത് സ്ത്രീകളോടും അവരുടെ പെൺമക്കളോടുമുള്ള വിവേചനമാണ്. അതുപോലെ പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾ രാഷ്ട്രീയ അധികാര
മേഖലയിലേക്ക് കടന്നു വരുന്നതിനുള്ള സംവരണവും ഇല്ലാതാക്കുന്നു. ഇതെല്ലാമറിഞ്ഞിട്ടും ഈ പിന്തിരിപ്പൻ നിയമം നിലനിർത്താൻ ചിലർ ശ്രമിക്കുന്നത്
രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ വേണ്ടി മാത്രമാണ് “. 370ാം വകുപ്പിനെ അനുകൂലിക്കുന്നവർ ശൈശവ വിവാഹം തടഞ്ഞു കൊണ്ടുള്ള നിയമത്തെ
എതിർക്കുന്നവരാണെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു. കാരണം ഈ വകുപ്പ് നിമിത്തം പ്രസ്തുത നിയമം കാശ്മീരിൽ നടപ്പിലാക്കാനാവില്ല,
അതുപോലെ വിദ്യാഭ്യാസ അവകാശ നിയമം, വികലാംഗ സംരക്ഷണ നിയമം, അതിർത്തി പുനർനിർണയ നിയമം, മുതിർന്ന പൗരൻമാരെ
സംരക്ഷിക്കുന്ന നിയമം, വിസിൽ ബ്ലോവർ സംരക്ഷണ നിയമം തുടങ്ങിയവയും നടപ്പിലാക്കാനാവില്ല.ഈ സ്ഥിതി വിശേഷം മാറി മറിഞ്ഞിരിക്കുകയാണ്.
2019 ആഗസ്റ്റ് 8 ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീകൾക്കെതിരെയുള്ള
വിവേചനത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞതും ഇവിടെ പ്രസക്തമാണ്,അതിങ്ങനെയായിരുന്നു, ” മറ്റു സംസ്ഥാനങ്ങളിലെ നമ്മുടെ പെൺമക്കൾ
അനുഭവിക്കുന്ന അവകാശം കാശ്മീരിലെ പെൺമക്കൾക്ക് നിഷേധിക്കപ്പെടുന്നു.” 370ാം വകുപ്പ് സ്വതവേ ലിംഗവിവേചനം കാട്ടുന്നില്ല.
എന്നാൽ ഇക്കാര്യത്തിൽ ഈ വകുപ്പ് ആശ്രയിക്കുന്നത് രാജഭരണം നിലനിന്നിരുന്ന 1927 ഏപ്രിൽ, 1932 ജൂൺ എന്നീ സന്ദർഭങ്ങളിൽ സ്ഥിരതാമസക്കാരെ
നിർവചിച്ചു കൊണ്ട് നടത്തിയ പ്രഖ്യാപനങ്ങളെയാണ്. അവയാകട്ടെ സ്ത്രീകളോട് പക്ഷഭേദം കാട്ടുന്നതുമാണ്. 370, 35 A വകുപ്പുകൾ
റദ്ദു ചെയ്തതിലൂടെ ജമ്മു കാശ്മീരിലെ സ്ത്രീകൾക്ക് സ്വത്തുക്കള്‍ വാങ്ങാനും അവരുടെ കുട്ടികൾക്ക് (അവർ കാശ്മീരിൽ സ്ഥിരതാമസക്കാരനല്ലാത്ത
വ്യക്തിയെ വിവാഹം ചെയ്താൽ പോലും) സ്വത്ത് കൈമാറാനും അവകാശം ലഭിച്ചിരിക്കുന്നു.അതും ഏറെ പ്രസക്തമായ കാര്യമാണ്.
ജമ്മു കാശ്മീർ സംസ്ഥാന പുന:സംഘടന വഴി നിലവില്‍ വന്ന സ്ഥിരതാമസ നിയമമാണ് സുപ്രധാനമായ മറ്റൊരു നേട്ടം.
ഒരാൾ താമസസ്ഥലം വിട്ടു പോയാലും മതിയായ ബന്ധം അതുമായി നിലനിർത്തുകയാണെങ്കിൽ തുടർന്നും ഈ പദവിക്കർഹനാണ്.
പാക്കിസ്ഥാനിലുൾപ്പെട്ട സിയാൽക്കോട്ടിനും മറ്റു പ്രദേശങ്ങൾക്കുമടുത്തു നിന്ന് അഭയാർത്ഥികളായി ജമ്മുവിലേക്കെത്തിയ ഹിന്ദു, സിഖ് അഭയാർത്ഥികളുടെ
കാര്യമെടുത്താല്‍ ചില ചോദ്യങ്ങള്‍ ഉയരും,
ജമ്മുവിൽ അവർക്കെന്തു സംഭവിച്ചു? അതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളിലായി അവർ കുടിയേറി. അവർക്ക് ഇന്ത്യൻ പൗരത്വം
ലഭിച്ചെങ്കിലും സംസ്ഥാനത്തുള്ളവർക്കായി സംവരണം ചെയ്യപ്പെട്ട സ്ഥിര താമസ സർട്ടിഫിക്കറ്റ് (Permenant Resident certificate- PRC)
നിഷേധിച്ചു. PRC യുടെ അഭാവത്തിൽ വളരെ പരിമിതമായ അവകാശങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഫലത്തിൽ സ്ഥിരതാമസക്കാരല്ലാത്തവരും
സ്ഥിരതാമസക്കാരെന്ന സർട്ടിഫിക്കറ്റ് സ്വന്തമായുള്ളവരും എന്ന തരത്തിൽ
സംസ്ഥാനത്ത് രണ്ടു തരം പൗരൻമാർ സൃഷ്ടിക്കപ്പെട്ടു.
സ്ഥിരതാമസ സർട്ടിഫിക്കറ്റില്ലാത്ത പാക്കിസ്ഥാൻ അഭയാർത്ഥികൾ രണ്ടാം തരം പൗരൻമാരായി കഴിയേണ്ടി വന്നു.
പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടവകാശം ലഭിച്ചിരുന്നില്ല. അവരുടെ മക്കൾക്ക് സർക്കാർ വകയുള്ള പല സ്കോളർഷിപ്പുകളും
നിഷേധിക്കപ്പെട്ടു. പ്രൊഫഷണൽ കോളജുകളിൽ പ്രവേശനം അനുവദിച്ചില്ല. സർക്കാർ വായ്പ്പകൾക്കു പോലും അവർ അർഹരായില്ല.
ക്ഷേമ പ്രവർത്തനങ്ങൾ ലഭ്യമാക്കേണ്ട വേദികളിൽ അവരുടെ പങ്കാളിത്തം അല്പം പോലുമുണ്ടായില്ല.
ജമ്മു കാശ്മീർ ഭരണഘടനയിലെ പാർട്ട് III സെക്ഷൻ 6 മുതൽ 10 വരെയുള്ള ഭാഗങ്ങളിൽ നിർവചിച്ച പ്രകാരം ഈ വിവേചനങ്ങൾക്കെല്ലാം
നിയമപരമായ പിൻബലമുണ്ട്. ഇതാകട്ടെ ഇന്ത്യൻ ഭരണഘടനയുടെ 35 A വകുപ്പ് പ്രകാരം സംസ്ഥാന നിയമസഭയ്ക്ക് അനുവദിക്കപ്പെട്ടതാണ്.
ഇതു പോലെ 1957 ൽ പഞ്ചാബിൽ നിന്ന് ജമ്മുവിലേക്കു വന്ന വാല്മീകി വംശത്തിൽ പെട്ട 277 കുടുംബങ്ങൾ. അവർക്കും അവരുടെ തുടർന്നു
വന്ന തലമുറയിൽ പെട്ടവർക്കും PRC നൽകിയില്ല. രാജ ഭരണകാലത്ത് സൈനികരായി സേവനമനുഷ്ടിച്ച് നാടിനു വേണ്ടി രക്തം ചൊരിഞ്ഞ
നേപ്പാളിൽ നിന്നുള്ള ഗൂർഖകൾക്കും 35 A വകുപ്പ് പ്രകാരം ഇതേ ദുരിതം തന്നെ നേരിടേണ്ടി വന്നു.
നിരവധി തലമുറകളായി ഈ ജനങ്ങൾ നീതിക്കുവേണ്ടിയുള്ള സഹനസമരത്തിലായിരുന്നു.
അവരെ ശാക്തീകരിക്കുന്നതിനുള്ള ദൂരവ്യാപകമായ പരിവർത്തനത്തിനാണ് 2019 ആഗസ്ത് 5 ന് ഭരണഘടനാ പരമായ തുടക്കം കുറിച്ചത്.
അവരുടെ എല്ലാ ദുരിതങ്ങൾക്കും കാരണമായ 35 A വകുപ്പ് പോയ് മറഞ്ഞു. മറ്റനേകം മാറ്റങ്ങൾക്ക് നിമിത്തമാകാൻ ഈ നടപടി കാരണമാകും.
കാലക്രമത്തിൽ അവർക്കർഹമായ നിയമപരവും ധാർമ്മികവും നൈതികവുമായ എല്ലാ അവകാശങ്ങളും ലഭ്യമാകും.
2020 മെയ് മാസത്തോടെ പുതിയ വാസസ്ഥല നിയമം ജമ്മു കാശ്മീർ മേഖലയിൽ ആവിഷ്ക്കരിച്ചു കഴിഞ്ഞു.
അതനുസരിച്ച് മേൽ സൂചിപ്പിച്ച വിഭാഗങ്ങളിൽ പെട്ടവർക്കെല്ലാം വാസസ്ഥല സർട്ടിഫിക്കറ്റ് ലഭിച്ചു തുടങ്ങി.
ഇതു കൂടാതെ ജമ്മു കാശ്മീർ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന IAS, IPS, IFS കാഡറിൽ പെട്ട ഓഫീസർമാർക്കും ഗുണം ലഭിക്കാൻ പോകുന്നു.
അവരിൽ പലരും രണ്ടും മൂന്നും ദശാബ്ദങ്ങളായി അവരുടെ ജീവിതം മുഴുവൻ ജമ്മുവിനായി സമർപ്പിച്ചിട്ടും PRC നിഷേധിക്കപ്പെട്ടവരാണ്.
പാക്കിസ്ഥാൻ അഭയാർത്ഥികളോടും ഗൂർഖ കളോടും വാൽമീകി വംശക്കാരോടും പുലർത്തിയ അനീതിക്ക് അവസാനമായിരിക്കുന്നു.
ഇതു വരെ സ്ഥിരതാമസ പദവി ലഭിക്കാതിരുന്നവർക്ക് അത് ലഭ്യമാക്കുക വഴി ജമ്മു കാശ്മീരിലെ ജനസംഖ്യാ പരമായ സാഹചര്യങ്ങൾക്ക് കാതലായ മാറ്റം
വരുമെന്ന് ചില കോണുകളില്‍ നിന്ന് പ്രചാരണം ഉയര്‍ന്നിട്ടുണ്ട്.എന്നാൽ,ഇത്തരം പ്രചാരണങ്ങള്‍ പാക്കിസ്ഥാൻ അഭയാർത്ഥികളോടും
ഗൂർഖ കളോടും വാല്മീകി വംശജരോടും മുൻകാലങ്ങളിൽ പുലർത്തിയ തെറ്റായ സമീപനങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയുള്ളതാണ് എന്ന് വ്യക്തം.
അതേ,ബിജെപിയുടെ കണക്ക് കൂട്ടല്‍ വ്യക്തമാണ് രാഷ്ട്രീയത്തിനുമപ്പുറം തങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന മൂല്യങ്ങള്‍ അതില്‍ യാതൊരു വിട്ട് വീഴ്ച്ചയും ഇല്ലെന്നും
ബിജെപി വ്യക്തമായ സന്ദേശം തന്നെയാണ് നല്‍കുന്നത്.ജമ്മു കശ്മീരില്‍ മതപരമായ വിവേചനത്തിന്റെ പേര് പറഞ്ഞുകൊണ്ട് തങ്ങളെ അകറ്റി നിര്‍ത്താന്‍
കഴിയില്ല എന്ന കണക്ക്കൂട്ടലില്‍ തന്നെയാണ് ബിജെപി മുന്നോട്ട് പോകുന്നത്,രാഷ്ട്രീയം എന്നത് സമൂഹത്തിലെ അവഗണിക്കപെടുന്നവര്‍ക്ക് വേണ്ടി എന്ന് കാശ്മീരിനെ
ചൂണ്ടി ബിജെപി പറയുമ്പോള്‍ തീവ്ര വാദത്തോട് സന്ധിയില്ലെന്നും അയലത്തെ ശത്രുവിനെ തങ്ങള്‍ മനസിലാക്കുന്നു എന്നുള്ള സന്ദേശവും അതിലുണ്ട്,ഇനിയും
തങ്ങളെ ന്യൂനപക്ഷങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കഴിയില്ല എന്ന് കാശ്മീരിലെ സ്ത്രീകളെ,യുവജനങ്ങളെ,വിദ്യാര്‍ഥികളെ,അടിസ്ഥാന ജനവിഭാഗങ്ങളെ ചൂണ്ടിക്കാട്ടി
ബിജെപി നേതാക്കള്‍ പറയുന്നത് വെറും വാക്കല്ല,അവരുടെ നാളുകളായുള്ള ലക്ഷ്യം തന്നെയാണ്.