ചെന്നൈ : ഇന്നലെ വൈകുന്നേരം ഉണ്ടായ ഹൃദയാഘാതത്തെതുടര്‍ന്ന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി ഇന്നും ഗുരുതരമായി തുടരുന്നു. ഇന്ന് രാവിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം അപ്പോളോ ആശുപത്രിയില്‍ എത്തുകയും ജയലളിതയുടെ നില ശ്രദ്ധയോടെ നിരീക്ഷിക്കുന്നതായിട്ടുമാണ് വിവരം. പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇന്ന്‍ 12 മണിക്ക് വരുന്നതോടെ ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് തമിഴ്‌നാട്ടിലെമ്പാടും ഒരുക്കിയിരിക്കുന്നത്‍. അപ്പോളോ ആശുപത്രി പരിസരത്തും, എല്ലാ ജില്ലകളിലും പോലീസിനെ വിന്യസിച്ചു. അര്‍ദ്ധസൈനിക വിഭാഗത്തെ പലയിടത്തും നിയോഗിച്ചു. എല്ലാ പൊലീസ് ഓഫീസര്‍മാരോടും രാവിലെ തന്നെ എത്താന്‍ തമിഴ്‌നാട് ഡിജിപി നിര്‍ദേശം നല്‍കി. കൂടുതല്‍ കേന്ദ്ര സേനയെ വിട്ടുതരണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുണ്ട്. വെങ്കയ്യ നായിഡു, ജെപി നഡ്ഡ തുടങ്ങിയ കേന്ദ്രമന്ത്രിമാര്‍ ഇന്ന് രാവിലെ തന്നെ ഡല്‍ഹിയില്‍ നിന്നും ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. 


ഇന്നലെ വൈകിട്ടോടെയാണ് ജയലളിതയ്ക്ക് മുണ്ടായതായി അപ്പോളോ ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പിറക്കിയത്. ജയയുടെ ആരോഗ്യ സ്ഥിതി അതീവഗുരുതരമെന്നാണു സൂചന. കൃത്രിമോപകരണങ്ങളുടെ സഹായം വേണ്ടി വന്നിട്ടുണ്ടെന്നാണ് കിട്ടുന്ന സൂചനകള്‍. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 


 



 


നിലവില്‍ ഹൃദ്രോഗവിദഗ്ധരുടെ നിരീക്ഷണത്തിലാണു ജയലളിതയുള്ളത്. ഐസിയുവില്‍ പ്രവേശിപ്പിച്ച ജയയ്ക്ക് ലണ്ടനിലുള്ള ഡോ. റിച്ചാര്‍ഡ് ബീലിന്റെ നിര്‍ദേശമനുസരിച്ചുള്ള ചികില്‍സയാണ് നല്‍കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡല്‍ഹി എയിംസില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചെന്നൈയിലേക്കു പുറപ്പെട്ടിട്ടുണ്ട്. 


 



 


കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഗവർണറുമായി ടെലിഫോണിൽ സംസാരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ ആശുപത്രി അധികൃതരുമായും സംസാരിച്ചു. അതേസമയം, ജയയുടെ ആരോഗ്യത്തിനായി ജനങ്ങൾ പ്രാർഥിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു.