ശ്രീനഗര്‍: കശ്മീരില്‍ തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 13 വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നതാണ് ശ്രദ്ധേയം. രാവിലെ ഏഴു മുതല്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. വൈകിട്ടു നാലു വരെയാണ് പോളിംഗ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം സംസ്ഥാനത്തെ പ്രധാന പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി എന്നിവര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. 1100 മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ 422 എണ്ണത്തിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാലുഘട്ടമായുള്ള വോട്ടെടുപ്പ് 16ന് അവസാനിക്കും. 20നാണ് വോട്ടെണ്ണല്‍.


പ്രധാന കക്ഷികള്‍ മാറിനില്‍ക്കുന്നതുകൊണ്ടുതന്നെ ബിജെപിക്ക് മുന്‍തൂക്കം ലഭിക്കുമെന്നാണ് കരുതുന്നത്. 2,990 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് 240 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ കശ്മീര്‍ താഴ്‌വരയിലെ ഏഴ് മുന്‍സിപ്പാലിറ്റികളുടെ ഭരണം ബിജെപിക്ക് ലഭിക്കും.


 



 


തീവ്രവാദ ഭീഷണികളെ തുടര്‍ന്ന് സ്ഥാനാര്‍ഥികളാരും പരസ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയിരുന്നില്ല. ഒക്ടോബര്‍ ഏഴിനായിരുന്നു ഒന്നാം ഘട്ടം തുടങ്ങിയത്. എന്നാല്‍ തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ഇതാണ് ഇന്ന് വീണ്ടും തുടങ്ങിയിരിക്കുന്നത്.  


2005 ലെ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സിനായിരുന്നു മുന്‍തൂക്കമുണ്ടായിരുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35എയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടിനോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ പേരിലും അധികം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നില്ല.


സുരക്ഷയുടെ ഭാഗമായി നിലവിലുള്ള സുരക്ഷാ സൈനികരെ കൂടാതെ 400 കമ്പനി അര്‍ധസൈന്യത്തേയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.