ന്യൂഡല്‍ഹി: വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്.  തങ്ങള്‍ക്ക് ഇപ്പോഴും വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന ബിജെപി ആരോപണത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

 കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ നാല് തവണ തന്‍റെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ടെന്ന്‍ പറഞ്ഞ കല്‍നാഥ് അധികാരമേറ്റെടുത്ത നാള്‍ മുതല്‍ തന്‍റെ സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും തുറന്നടിച്ചു.


കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടി വിടുമെന്നാണ് ബിജെപിയുടെ അവകാശവാദം.


ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴുമെന്ന് നേരത്തെ തന്നെ ബി.ജെ.പി അവകാശപ്പെട്ടിരുന്നു. എത്രയും വേഗം നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നാണ് മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണര്‍ ആനന്ദിബന്‍ പട്ടേലിന് നല്‍കിയ കത്തിലെ ആവശ്യം. 


230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 113 ഉം ബിജെപിക്ക് 109 ഉം എം.എല്‍.എമാരാണുള്ളത്. ബി.എസ്.പി, എസ്.പി, സ്വതന്ത്ര എം.എല്‍.എമാരടക്കം 120 പേരുടെ പിന്തുണ നിലവില്‍ കമല്‍നാഥിനുണ്ട്. സംസ്ഥാനത്ത് 29ല്‍ 25സീറ്റും ബി.ജെ.പി നേടുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്‍.