ലഖ്നൗ: കോവിഡ് 19 രോഗബാധിതരുടെ ചികിത്സയ്ക്കായി പ്ലാസ്മ ദാനം ചെയ്യാൻ തയ്യാറായി ഗായിക കനിക കപൂർ... 


COMMERCIAL BREAK
SCROLL TO CONTINUE READING

ലഖ്നൗവിലെ കി൦ഗ്  ജോര്‍ജസ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി അധികൃതരുമായി  ബന്ധപ്പെട്ട  കനിക പ്ലാസ്മ ദാനം ചെയ്യാൻ താൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. അതനുസരിച്ച് അവരുടെ രക്തം  ശേഖരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു 


 കനികയുടെ പ്ലാസ്മ മറ്റു രോ​ഗികൾക്ക്   ചികിത്സയ്ക്കായി  പ്രയോജനപ്പെടുമോ എന്നറിയാനുള്ള ടെസ്റ്റുകൾ  ആരംഭിച്ചതായി  ആശുപത്രി അധികൃതർ പറയുന്നു. അവയുടെ ഫലം വന്നതിന് ശേഷം മാത്രമേ അടുത്ത  ഘട്ടത്തിലേയ്ക്ക് കടക്കൂ. 


 ഇതുവരെ കോവിഡ് രോഗബാധയില്‍ നിന്നും വിമുക്തരായ മൂന്ന് രോഗികള്‍ ഇതേരീതിയില്‍ തങ്ങളുടെ പ്ലാസ്മ ദാനം ചെയ്തു കഴിഞ്ഞുവെന്നും. അതില്‍ ഒരാള്‍ ഇതേ ആശുപത്രിയിലെതന്നെ ഡോക്ടറാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.


കോവിഡ് സാരമായി ബാധിക്കുകയു൦ അതിനിന്നും പരിപൂര്‍ണമായി മുക്തിനേടുകയും ചെയ്ത ആളുടെ രക്തത്തില്‍ ആ രോഗത്തിനെതിരായ ആന്റിബോഡി ഘടകങ്ങള്‍ ഉണ്ടാകും. പ്ലാസ്മയിലാണ് ഇത് ഉണ്ടാവുക. രോഗമുക്തനായ ആളുടെ രക്തത്തെ പ്ലാസ്മാഫെറസിസ് മെഷീനിലൂടെ കടത്തിവിടും. അത് രക്തകോശങ്ങളെ പ്ലാസ്മയില്‍നിന്ന് വേര്‍തിരിക്കും. ആ പ്ലാസ്മ ശീതീകരിച്ച്  സൂക്ഷിക്കാം. ഇങ്ങനെ വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സയാണ് കണ്‍വാലിസന്റ് പ്ലാസ്മാ തെറാപ്പി എന്നും ആന്റിബോഡി ചികിത്സയെന്നും അറിയപ്പെടുന്നത്. കോവിഡ് രോഗത്തിനെതിരായി ഇന്ത്യ ഇപ്പോള്‍  പ്ലാസ്മാ തെറാപ്പിയാണ് അവലംഭിചിരിക്കുന്നത്. 


അതേസമയം, ഇവര്‍ക്കെതിരെയുള്ള കേസില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും പോലീസ് തയ്യാറല്ല.  രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തുവെന്നതാണ് കനികയുടെ പേരിലുള്ള കേസ്.  ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269, 270, 188 എന്നിവ പ്രകാരമാണ് FIR രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 


റിപ്പോര്‍ട്ട് അനുസരിച്ച് ഏപ്രില്‍ 30ന്  ലഖ്നൗവിലെ സരോജിനി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാവണമെന്ന് ഉത്തര്‍ പ്രദേശ് പോലീസ് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്.