ജമ്മു കശ്മീർ: കത്വയില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി എട്ടുവയസുകാരി കൊല്ലപ്പെട്ട കേസില്‍ സപ്ലിമെന്‍ററി ചാർജ് ഷീറ്റ് തയ്യാറാക്കി ജമ്മു കശ്മീർ പൊലീസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ടെന്നും സപ്ലിമെന്ററി ചാർജ് ഷീറ്റ് സമർപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നും ജമ്മു കശ്മീർ ക്രൈം ബ്രാഞ്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.


അതേസമയം കൊലപാതകത്തിന് മുന്‍പ് പെൺകുട്ടി ബലാത്സംഗത്തിന് വിധേയയായിരുന്നില്ലെന്ന വാർത്തകൾ അന്വേഷണ സംഘം പൂര്‍ണ്ണമായും നിഷേധിച്ചു.


പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മെഡിക്കൽ ടീം നൽകിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ കൊലപ്പെടുത്തുന്നതിന് മുന്‍പ് കുട്ടിയെ പ്രതികള്‍ ക്രൂര ലൈംഗിക പീഡനത്തിന് വിധേയയാക്കിയിരുന്നതായി പറയുന്നു. ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.


നാടോടികളായ ബക്കര്‍വാള്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ കഴിഞ്ഞ ജനുവരി 10 മുതല്‍ കാണാതാവുകയും തുടര്‍ന്ന്‍ നടത്തിയ അന്വേഷണത്തില്‍ ജനുവരി 17ന് ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. 


ജനുവരി 23ന് സംസ്ഥാന സർക്കാർ കേസന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. ഇതേത്തുടര്‍ന്ന്‍ പൊലീസ് എട്ട് പ്രതികളെ അറസ്റ്റ് ചെയ്തു. കേസിലെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചപ്പോഴാണ് എട്ടുവയസുകാരി കുട്ടി നേരിട്ട മൃഗീയ പീഡനത്തിന്‍റെ വിശദാംശങ്ങള്‍ ലോകമറിയുന്നത്. 


ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും നിഷ്ഠൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കത്വയിലെ എട്ടുവയസുകാരിയുടെ സംഭവത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ കത്തിപ്പടരുന്നതിനിടയിലാണ് പ്രതികള്‍ക്കെതിരെയുള്ള സപ്ലിമെന്‍ററി ചാര്‍ജ് ഷീറ്റ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്.