ന്യൂഡല്‍ഹി: കശ്മീരിലെ കത്തുവയില്‍ എട്ടുവയസുകാരിയെ മൃഗീയമായി ബലാല്‍സംഗം നടത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യ തലസ്ഥാനത്ത് പ്രതിഷേധം ശക്തം. അര്‍ധരാത്രിയില്‍ ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ മെഴുകുതിരികളും പ്ലക്കാര്‍ഡുകളുമായി നൂറുകണക്കിന് പേര്‍ അണി നിരന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കത്തുവ, ഉന്നാവ് കേസുകളില്‍ നീതി ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സ്ത്രീകള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്നു. പെണ്‍കുട്ടികളെ രക്ഷിക്കണമെന്ന മുദ്രാവാക്യം നല്‍കിയാല്‍ മാത്രം പോരാ പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


ഭയപ്പെടാതെ പുറത്തിറങ്ങി നടക്കാനും ജീവിക്കാനും രാജ്യത്തെ സ്ത്രീകള്‍ക്ക് അവകാശമുണ്ട്. അതിനുള്ള നടപടി സ്വീകരിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 



പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ഡ് വധേരയും മുതിര്‍ന്ന കോണ്‍ഗ്രസ് നോതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ബിജെപിക്കെതിരെയുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധ സമരത്തില്‍ ഉയര്‍ന്നത്. നിശബ്ദ പ്രതിഷേധത്തിനായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടി ലക്ഷ്യമിട്ടതെങ്കിലും മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയവര്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. 


മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയവര്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് ചെറിയ സംഘര്‍ഷത്തിന് വഴി വച്ചു. ഒത്തുചേരലിന്‍റെ കാരണം മറക്കരുതെന്നും സ്വയം നിയന്ത്രിക്കണമെന്നും പ്രിയങ്ക ഗാന്ധി അഭ്യര്‍ത്ഥിച്ചു.