മുംബൈ: ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുൽഭൂഷൺ ജാദവിന്‍റെ വിഷയത്തിൽ ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണമെന്ന് ബിജെപി മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമി. 


COMMERCIAL BREAK
SCROLL TO CONTINUE READING

യുദ്ധം ചെയ്ത് അവരെ നാലു തുണ്ടമാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ജാദവിന്‍റെ അമ്മ അവന്തിയെയും ഭാര്യ ചേതനയെയും പാക്കിസ്ഥാൻ അപമാനിച്ചെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു സുബ്രഹ്മണ്യൻ സ്വാമി. 


'എത്രയും പെട്ടെന്നുതന്നെ യുദ്ധത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകണം. കുൽഭൂഷന്‍റെ അമ്മയോടും ഭാര്യയോടും പാക്കിസ്ഥാന്‍ കാണിച്ച സമീപനം മഹാഭാരത യുദ്ധത്തിലേക്ക് നയിച്ച ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിനു സമാനമാണ്. അതു വഴിതെളിയിച്ചതു യുദ്ധത്തിനാണ്'. മുംബൈയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെ സ്വാമി വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.


കൂടിക്കാഴ്ച സംബന്ധിച്ച് ഇന്ത്യയുമായുണ്ടാക്കിയ ധാരണകൾ പാക്കിസ്ഥാൻ ലംഘിച്ചു. സുരക്ഷയുടെ പേരു പറഞ്ഞ് കുൽഭൂഷന്‍റെ കുടുംബത്തിന്‍റെ സാംസ്കാരികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു.


കൂടിക്കാഴ്ചയ്ക്കു മുമ്പ് അവന്തിയുടെയും ചേതനയുടെയും വസ്ത്രങ്ങൾ അഴിച്ചു പരിശോധിച്ചു. ഭാര്യയുടെ താലി, വള, പൊട്ട് തുടങ്ങി മറ്റാഭരണങ്ങളും അഴിച്ചുമാറ്റി. ചെരുപ്പു ധരിക്കാൻ അനുവദിച്ചില്ല. കൂടിക്കാഴ്ചയ്ക്കുശേഷം ചേതനയ്ക്കു ചെരുപ്പുകൾ തിരികെ ലഭിച്ചതുമില്ല.


യുദ്ധം ഉടന്‍ ആരംഭിക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നില്ലെന്നും എന്നാല്‍ ഗൗരവപൂര്‍ണ്ണമായ ഗൃഹപാഠം ഉടന്‍ ആരംഭിക്കണമെന്നും സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ സുബ്രഹ്മണ്യൻ സ്വാമി, പലപ്പോഴും പാര്‍ട്ടിയുടെ അഭിപ്രായവും ഇതുതന്നെ ആകാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.