ന്യൂഡൽഹി: ബിജെപി നേതാവും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ അരുൺ ജെയ്റ്റ്ലിയുടെ നില അതീവ ഗുരുതരമായി തന്നെ തുടരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അദ്ദേഹത്തിന്‍റെ ഹൃദയവും ശ്വാസകോശവും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് ലഭിക്കുന്ന സൂചനകള്‍.  ഐസിയുവിൽ കഴിയുന്ന അരുണ്‍ ജെയ്റ്റ്ലി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനി‍ര്‍ത്തുന്നത്.
 
അരുൺ ജെയ്റ്റ്ലിയുടെ നില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലെ നിരവധി മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനായി എയിംസില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. മുതിര്‍ന്ന നേതാവ് ലാല്‍ കൃഷ്ണ അദ്വാനി അദ്ദേഹത്തെ സന്ദര്‍ശിച്ചു. 


കൂടാതെ, കേന്ദ്ര മന്ത്രിമാരായ രാം വിലാസ് പാസ്വാൻ, ഹിമാചൽ പ്രദേശ് ഗവർണർ കൽരാജ് മിശ്ര, ആർ‌എസ്‌എസ് ജോയിന്‍റ് സെക്രട്ടറി കൃഷ്ണ ഗോപാൽ, മുൻ സോഷ്യലിസ്റ്റ് നേതാവ് അമർ സിംഗ് എന്നിവര്‍  എയിംസിലെത്തി അരുൺ ജെയ്റ്റ്ലിയെ സന്ദര്‍ശിച്ചിരുന്നു.


കഴിഞ്ഞ ദിവസം, പ്രസിഡന്റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് അടക്കം നിരവധി പ്രമുഖര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. 


കഴിഞ്ഞ 9നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ കാർഡിയോ–ന്യൂറോ വിഭാഗം വാർഡിൽ നിരീക്ഷണത്തിലാണ് അദ്ദേഹം. എന്‍ഡോക്രിനോളജിസ്റ്റ്, വൃക്കരോഗ– ഹൃദ്രോഗ വിദഗ്ധര്‍ എന്നിവരുടെ സംഘവും നിരീക്ഷിക്കുന്നുണ്ട്. 


അദ്ദേഹത്തിന്‍റെ ചികിത്സയും ആരോഗ്യനിലയും സംബന്ധിച്ച് കഴിഞ്ഞ ഓഗസ്റ്റ് 9നാണ് അവസാനമായി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നത്.  


ധനമന്ത്രിയായിരുന്ന ജയ്റ്റ്ലി അനാരോഗ്യത്തെ തുടർന്നു ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നില്ല. മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് പ്രധാനമന്ത്രിക്ക് കത്ത് അയ്ക്കുകയും ചെയ്തിരുന്നു. 


രണ്ടു വർഷത്തിലേറേയായി വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലാണ് അരുണ്‍ ജയ്റ്റ്ലി. ധനമന്ത്രിയായിരിക്കെ രണ്ടു തവണ അദ്ദേഹം ചികിത്സക്കായി അമേരിക്കയിൽ പോയിരുന്നു. ധനമന്ത്രിയായിരുന്ന ജയ്റ്റ്ലിയുടെ അഭാവത്തിൽ പീയൂഷ് ഗോയലാണു ഒന്നാം മോദി സർക്കാരിന്‍റെ അവസാന ബജറ്റ് അവതരിപ്പിച്ചത്.