Chennai rains | മതിയായ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച; ചെന്നൈ കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്തതിനെ തുടർന്ന് ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടാകുകയും അഞ്ച് പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം
ചെന്നൈ: കനത്ത മഴയിൽ (Heavy Rain) നഗരത്തിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് തടയാൻ മതിയായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടതിന് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി (Madras high court). കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്തതിനെ തുടർന്ന് ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടാകുകയും അഞ്ച് പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം. വെള്ളപ്പൊക്കത്തെ (Flood) തുടർന്ന് നിരവധി വീടുകൾ നശിക്കുകയും ചെയ്തിരുന്നു.
2015ലെ വെള്ളപ്പൊക്കത്തിന് ശേഷം കഴിഞ്ഞ ആറ് വർഷമായി എന്താണ് ചെയ്യുന്നതെന്നും ഹൈക്കോടതി ആരാഞ്ഞു. നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ സ്വമേധയാ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി ചെന്നൈ കോർപ്പറേഷന് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച മുതൽ ചെന്നൈയിലും ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ പ്രാന്തപ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ALSO READ: Tamil Nadu rains: 14 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 മരണം
തമിഴ്‌നാട്ടിൽ മഴക്കെടുതിയിൽ അഞ്ച് പേർ മരിക്കുകയും 260-ലധികം കുടിലുകളും വീടുകളും നശിക്കുകയും ചെയ്തു. 70-ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മഴക്കെടുതിയിൽ നിരവധി നാശനഷ്ടങ്ങളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ അധികൃതർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. പൂണ്ടി, ചോളവാരം, പുഴൽ, ചെമ്പരമ്പാക്കം, തേർവായ് കണ്ടിഗൈ ജലസംഭരണികളും വീരാണം തടാകത്തിലെ അധികജലവും പുറത്തേക്കൊഴുക്കി.
സേലം ജില്ലയിലെ മേട്ടൂർ റിസർവോയർ ഉടൻ തന്നെ പരമാവധി ശേഷിയായ 120 അടിയിൽ എത്തുമെന്നും അധികജലം പുറത്തേക്ക് ഒഴുക്കേണ്ടി വരുമെന്നുമാണ് കരുതുന്നത്. അധികൃതർ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. കാവേരി നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 27,000 ക്യുസെക്‌സ് കവിഞ്ഞു, ഏകദേശം 118 അടിയിൽ എത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ നോയൽ നദിയുടെ തീരത്ത് താമസിക്കുന്നവർക്ക് കോയമ്പത്തൂർ ജില്ലാ ഭരണകൂടവും ജാഗ്രതാ നിർദേശം നൽകി.
വൈകുന്നേരത്തോടെ പൊന്നായി ആനക്കട്ടിൽ നിന്നുള്ള നീരൊഴുക്ക് 6,364 ക്യുസെക്സായി വർധിപ്പിച്ചതായി വെല്ലൂർ ജില്ലാ അധികൃതർ അറിയിച്ചു. ജലസംഭരണികളിൽ നിന്ന് അധികജലം തുറന്നുവിടുന്നത് കണക്കിലെടുത്ത് അതത് പ്രദേശങ്ങളിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. ചെന്നൈയിൽ, താഴ്ന്ന പ്രദേശങ്ങളിൽ രണ്ടടി വരെ വെള്ളമുണ്ടായപ്പോൾ മിക്ക റോഡുകളും ബൈലെനുകളും വെള്ളത്തിനടിയിലായി. സുരക്ഷ കണക്കിലെടുത്ത് വൈദ്യുതി വിതരണവും വിച്ഛേദിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കത്തിൽ മുങ്ങിയ ആദബാക്കത്തെ സിറ്റി പോലീസ് സ്റ്റേഷൻ താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റി. നിരവധി മരങ്ങൾ കടപുഴകി വീണു. സബ് വേകൾ അടച്ചു പൂട്ടി. ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് മറ്റ് റോഡുകളിലൂടെ ഗതാഗതം പുനസ്ഥാപിച്ചു. റോഡുകളിലും ഡ്രെയിനേജുകളിലും അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യുന്ന പ്രവർത്തനം തുടരുകയാണ്. മഴയും വെള്ളക്കെട്ടും മൂലം നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
ALSO READ: Heavy Rain In Chennai: ദുരിതാശ്വാസത്തിന് സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി
കഴിഞ്ഞ 24 മണിക്കൂറിനിടെ ചെന്നൈ, തേനി, മധുര ജില്ലകളിലായി മഴക്കെടുതിയിൽ നാല് പേർ മരിക്കുകയും 16 കന്നുകാലികൾ ചത്തതായും റിപ്പോർട്ടിൽ പറയുന്നു. വെള്ളപ്പൊക്കത്തിൽ മുങ്ങിയ 16 സിറ്റി സബ് വേകളിൽ 14 എണ്ണത്തിലും വെള്ളം വറ്റിച്ചുകഴിഞ്ഞു, ശേഷിക്കുന്ന രണ്ടെണ്ണം ഉടൻ തന്നെ ശരിയാക്കുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ 37 ജില്ലകളിൽ മഴ ലഭിച്ചതായും സംസ്ഥാന ശരാശരി 14.2 മില്ലിമീറ്ററാണെന്നും സർക്കാർ അറിയിച്ചു. കഴിഞ്ഞ മാസങ്ങളിലും വടക്കുകിഴക്കൻ മൺസൂൺ ആരംഭിച്ചതിനുശേഷവും തമിഴ്‌നാട്ടിൽ സാധാരണയിൽ നിന്ന് 43 ശതമാനം മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ചെന്നൈയിൽ ഇതുവരെ 48 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,107 പേരെ മാറ്റിപ്പാർപ്പിച്ചു. 3,58,500 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. അതുപോലെ, വടക്കൻ ജില്ലകളായ കാഞ്ചീപുരം, തിരുവണ്ണാമലൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിൽ 314 പേരെ 10 ഷെൽട്ടറുകളിലായി പാർപ്പിച്ചിട്ടുണ്ട്. അവർക്ക് ഭക്ഷണവും മറ്റെല്ലാ അടിസ്ഥാന സൗകര്യങ്ങളും നൽകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...