ലഖ്നൗ: ഗാന്ധി ഘാതകനായ നാഥൂറാം ഗോഡ്‌സെയേയും, മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രഗ്യാ സിംഗ് ഠാക്കൂറിനേയും പോലെ ഉളളവരെ മദ്രസകളില്‍ പോറ്റി വളര്‍ത്താറില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ മദ്രസകളെ ‘ആധുനികവല്‍ക്കരി’ക്കുമെന്നും മുഖ്യധാര വിദ്യാഭ്യാസവുമായി കൂട്ടിയോജിപ്പിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് അസംഖാന്‍റെ പ്രതികരണം.


നാഥൂറാം ഗോഡ്‌സെയുടെ സ്വഭാവം ഉളളവരെയോ, പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ വ്യക്തിത്വം ഉളളവരെയോ മദ്രസകളില്‍ വളര്‍ത്താറില്ല. ഗോഡ്‌സെയുടെ ചിന്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ജനാധിപത്യത്തിന്‍റെ ശത്രുക്കളാണെന്നാണ് ആദ്യം പ്രഖ്യാപിക്കേണ്ടത്. ഭീകരവാദ കുറ്റം ചുമത്തിയവരെ ആദരിക്കുന്നത് വ്യക്തമാക്കണമെന്നും അസംഖാന്‍ പറഞ്ഞു.


മതപരമായ വിദ്യാഭ്യാസം മദ്രസകളില്‍ നല്‍കുന്നുണ്ട്. ഇതേ മദ്രസയിലാണ് ഹിന്ദിയും ഇംഗ്ലീഷും കണക്കും പഠിപ്പിക്കുന്നത്. ഇതായിരുന്നു എപ്പോഴും ചെയ്തിരുന്നത്. മദ്രസകളെ സഹായിക്കണമെന്നാണ് കേന്ദ്രത്തിന്‍റെ ഉദ്ദേശമെങ്കില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും അസംഖാന്‍ കൂട്ടിച്ചേര്‍ത്തു.


അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മദ്രസകളെ ആധുനികവല്‍ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ഒരു കൈയ്യില്‍ ഖുറാനും മറ്റൊരു കയ്യില്‍ കംപ്യൂട്ടറും എന്ന മുദ്രാവാക്യവും തിരഞ്ഞെടുപ്പ് സമയത്ത് മോദി ആവിഷ്‌കരിച്ചിരുന്നു. 


അതിന് പിന്നാലെയാണ് രാജ്യത്തെ മദ്രസകളെ മുഖ്യധാര വിദ്യാഭ്യാസവുമായി കൂട്ടിയോജിപ്പിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പ്രഖ്യാപിച്ചത്. 


‘പദ്ധതി അടുത്ത മാസം മുതല്‍ ആരംഭിക്കുമെന്നും നഖ്‌വി അറിയിച്ചു. മദ്രസ അധ്യാപകര്‍ക്ക് ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം, കമ്പ്യൂട്ടര്‍ എന്നീ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കും. മദ്രസാ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുഖ്യധാര വിദ്യാഭ്യാസം നല്‍കാന്‍ ഇതിലൂടെ അവര്‍ക്ക് സാധിക്കും’, അദ്ദേഹം പറഞ്ഞു. 


മദ്റസകളെ ഔപചാരിക വിദ്യാഭ്യാസ രീതികളുമായി ബന്ധിപ്പിച്ച് കംപ്യൂട്ടര്‍, ശാസ്ത്രം തുടങ്ങിയവ ഇവിടെ പഠന വിഷയമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. രാജ്യത്ത് നിരവധി മദ്രസകളുണ്ട്. അവ ഔപചാരിക വിദ്യാഭ്യാസവുമായി കൂട്ടിയോജിപ്പിക്കും. അത്തരത്തില്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കായി സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.