മുംബൈ: ഇന്ത്യയില്‍ ബിജെപി ഇതര കക്ഷികള്‍ ഭരണത്തിലുള്ള അപൂര്‍വ്വ സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസ്സും എല്ലാം ചേര്‍ന്ന മഹാ വികാസ് അഘാഡിയാണ് ഭരണത്തിലുള്ളത്. എന്നാല്‍ ഇപ്പോള്‍ അവിടേയും ഭരണം ബിജെപിയുടെ കൈയ്യിലേക്ക് പോകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ശിവസേന നേതാവും മന്ത്രിയും ആയ ഏക്‌നാഥ് ഷിന്‍ഡേ 33 എംഎല്‍എമാരേയും കൊണ്ട് നാടുവിട്ടിരിക്കുകയാണ്. ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണം എന്ന ആവശ്യമായിരുന്നു ഷിന്‍ഡേ, ഉദ്ധവ് താക്കറേയ്ക്ക് മുന്നില്‍ വച്ചിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ആയിരുന്നു മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം അവര്‍ക്കുണ്ടായിരുന്നില്ല. ഒടുവില്‍ ശിവസേനയുമായി സഖ്യസര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. 2019 ലെ തിരഞ്ഞെടുപ്പ് എത്തുമ്പോഴേക്കും ശിവസേനയ്ക്കും ബിജെപിയ്ക്ക് ഇടയിലുള്ള വിള്ളല്‍ രൂക്ഷമായിരുന്നു. സഖ്യം വിട്ട് മത്സരിച്ചപ്പോഴും മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നില ബിജെപി നിലനിര്‍ത്തിയിരുന്നു.


2019 ല്‍ 105 സീറ്റുകളിലായിരുന്നു ബിജെപിയുടെ വിജയം. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടിയിരുന്നത് 145 എംഎല്‍എമാരും. രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ശിവസേനക്ക് 56 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. മൂന്നാമതുള്ള എന്‍സിപിയ്ക്ക് 54 പേരും. നാലാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 44 എംഎല്‍എമാരേയും ജയിപ്പിക്കാന്‍ ആയിരുന്നു. ഇതിന് പിറകെയാണ് ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും മറ്റ് ചെറുപാര്‍ട്ടികളും സ്വതന്ത്രരും എല്ലാം ചേര്‍ന്ന് മഹാ വികാസ് അഘാഡി രൂപീകരിക്കുന്നതും സര്‍ക്കാര്‍ രൂപീകരിക്കുന്നതും. ആകെ 171 പേരുടെ പിന്തുണയായിരുന്നു സര്‍ക്കാരിനുണ്ടായിരുന്നത്.


Read Also: മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; വിമത എംഎൽഎമാർ അസമിൽ, 40 എംഎൽഎമാർ ഒപ്പമുണ്ടെന്ന് ഷിൻഡെ


ഇതില്‍ നിന്ന് 34 പേരെ അടര്‍ത്തിയെടുത്തുകൊണ്ടാണ് ഏക്‌നാഥ് ഷിന്‍ഡേ ആദ്യം ഗുജറാത്തിലേക്കും  ഇപ്പോള്‍ അസമിലേക്കും കടന്നിരിക്കുന്നത്. ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റില്‍ ആയിരുന്നു എംഎല്‍എമാരെ മഹാരാഷ്ട്രയില്‍ നിന്ന് കടത്തിയത്. ഉദ്ധവ് താക്കറെ വിളിച്ച അടിയന്തര യോഗത്തില്‍ പാര്‍ട്ടി എംഎല്‍എമാരില്‍ പാതി പേരും എത്തിയില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.


ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ല എന്നാണ് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ പറയുന്നത്. എന്നാല്‍, ബിജെപി നേതൃത്വത്തിന്റെ അറിവോ പിന്തുണയോ ഇല്ലാതെ ഏക്‌നാഥ് ഷിന്‍ഡേയ്ക്ക് ഇങ്ങനെ ഒരു കാര്യം നടപ്പിലാക്കാന്‍ ആവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 


സര്‍ക്കാരിന്റെ നിലനില്‍പ്പ് അവതാളത്തിലായിരിക്കുന്നു എന്ന സൂചനയാണ് പാര്‍ട്ടി നേതാവ് സഞ്ജയ് റാവുത്ത് നല്‍കുന്നത്. നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടുക എന്ന തന്ത്രമായിരിക്കും മഹാ വികാസ് അഘാഡി പയറ്റുക എന്നാണ് ലഭ്യമാകുന്ന സൂചന. അങ്ങനെ വന്നാല്‍, ജനവിധി ആര്‍ക്ക് അനുകൂലമാകും എന്ന് പ്രവചിക്കാന്‍ കഴിയാത്ത രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തോട് ശിവസേനയിലെ തന്നെ ഒരു വിഭാഗത്തിന് താത്പര്യമില്ല എന്നതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വഴിവച്ചതും.


വിമതരെ അനുനയിപ്പിക്കാൻ ശിവസേന പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നു. ഇതിനിടെയിലായിരുന്നു ഷിൻഡേ എംഎൽഎമാരെ ​ഗുവാഹത്തിയിലേക്ക് മാറ്റിയത്. അനുനയ നീക്കങ്ങൾ പാളിയിട്ടും ഏക്നാഥ് ഷിൻഡേയെ തള്ളിപ്പറയാതെയാണ് ഉദ്ധവ് താക്കറെയുടെ വിശ്വസ്തനായ സഞ്ജയ് റാവുത്ത് പ്രതികരിച്ചത് എന്നതും നി‍ർണായകമാണ്. മന്ത്രിസഭ പിരിച്ചുവിട്ടേക്കുമെന്ന സൂചനയും നൽകിയത് റാവുത്തിന്റെ ട്വീറ്റിലൂടെ ആയിരുന്നു. എൻസിപിയുടേയും കോൺ​ഗ്രസിന്റേയും മന്ത്രിമാരുടെ പ്രവ‍ർത്തന ശൈലിയോട് മാത്രമാണ് എംഎൽഎമാർക്ക് എതിർപ്പുള്ളത് എന്നും റാവുത്ത് പ്രതികരിച്ചിരുന്നു. അതിനർത്ഥം, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തെ അവർ ചോദ്യം ചെയ്യുന്നില്ല എന്നത് തന്നെയാണ്.


കഴിഞ്ഞ കുറച്ച് കാലങ്ങളായി ബിജെപിയുടെ കടുത്ത വിമർശകനാണ് ഉദ്ധവ് താക്കറെ. ബിജെപിയോട് പിണങ്ങി നിന്നപ്പോഴും എൻഡിഎ വിട്ടുപോരാതിരുന്ന ഉദ്ധവ് ഒടുവിൽ ആ ബാന്ധവവും ഉപേക്ഷിച്ചു. കോൺ​ഗ്രസ് നയിക്കുന്ന യുപിഎ സഖ്യത്തിൽ അം​ഗമാകാൻ തീരുമാനിച്ചു എന്നത് കഴിഞ്ഞ വ‍ർഷം തന്നെ ശിവസേന പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒറ്റയ്ക്ക് ഭരണം പിടിക്കുക എന്നത് ഇന്നത്തെ ഘട്ടത്തിൽ ശിവസേനയ്ക്ക് അസാധ്യമാണ്. ഭരണത്തിന്റെ പങ്കുപറ്റാൻ വീണ്ടും ബിജെപിയുമായി ഒരു സഖ്യത്തിലേക്ക് ശിവസേന എത്തുമോ എന്നാണ് അറിയേണ്ടത്. ശിവസേനയും ബിജെപിയും തമ്മിലുള്ള ഇണക്കവും പിണക്കവും ഒരു പുതിയ സംഭവം അല്ലെന്ന ചരിത്രം കൂടി ഇതോടൊപ്പം ചേ‍ത്തുവായിക്കണം. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.