Manipur Violence Update: മണിപ്പൂരില്‍ അക്രമം തുടരുന്നു, പോലീസ് കമാൻഡോ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു
Manipur Violence Update: മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ നിരവധി തലങ്ങളില്‍ ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
Imphal: വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരില്‍ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന കലാപം ശമിയ്ക്കുന്ന ലക്ഷണമില്ല. റിപ്പോര്‍ട്ട് അനുസരിച്ച് വെള്ളിയാഴ്ച നടന്ന അക്രമത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു. അതില്‍ ഒരാള്‍ പോലീസ് കമാൻഡോയാണ്.
മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ നിരവധി തലങ്ങളില്‍ ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കലാപത്തില്‍ മണിപ്പൂർ പോലീസ് കമാൻഡോ ഉൾപ്പെടെ 4 പേർ വെടിയേറ്റ് മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
Also Read: Rain Alert: ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
മൊയ്‌റാങ് ടുറെൽ മാപ്പനിൽ വൈകുന്നേരം തീവ്രവാദികളെന്ന് സംശയിക്കുന്നവരുമായുള്ള ഏറ്റുമുട്ടലിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടപ്പോൾ, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളുടെ അതിർത്തിക്കടുത്തുള്ള ഗ്രാമങ്ങളിൽ ഒരു കൗമാരക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പുലർച്ചെയോടെ ജീവൻ നഷ്ടപ്പെട്ടു.
വ്യാഴാഴ്ച രാത്രി മുതൽ പ്രദേശത്ത് രണ്ട് സമുദായങ്ങൾ തമ്മിൽ ഇടയ്ക്കിടെ വെടിവയ്പ്പ് തുടരുകയാണ്. അതിനിടെയാണ് വെടിവയ്പിൽ പുക്രംബം രൺബീർ എന്ന പോലീസ് കമാൻഡോയുടെ തലയ്ക്ക് പരിക്കേല്‍ക്കുന്നത്. ഇദ്ദേഹത്തെ ആദ്യം ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമായ സാഹചര്യത്തില്‍ അദ്ദേഹത്തെ ഇംഫാലിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാല്‍ വഴിമധ്യേ മരണം സംഭവിച്ചതായി അധികൃതർ വ്യക്തമാക്കി.
രണ്ട് ജില്ലകളുടെ അതിർത്തിയിലുള്ള കാങ്‌വായ്, സോംഗ്‌ഡോ, അവാങ് ലേഖായി ഗ്രാമങ്ങളിൽ ഇപ്പോഴും കലാപം തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുലർച്ചെ ജനക്കൂട്ടം പ്രദേശത്ത് സുരക്ഷാ സേനയുടെ നീക്കം തടഞ്ഞു. സ്ഥിതിഗതികൾ നേരിടാൻ കൂടുതല്‍ സേനയെ വിന്യസിച്ചതായി ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥലത്ത് ഉണ്ടായ വെടിവയ്പ്പില്‍ ഒരു കൗമാരക്കാരൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു-
സംസ്ഥാനത്തെ 50 ശതമാനത്തോളം വരുന്ന മെയ്തേയ് സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ സംഘര്‍ഷം ഉടലെടുത്തത്. മെയ്തേയ് സമുദായത്തെ പട്ടികവർഗ (എസ്ടി) പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ നീക്കത്തില്‍ പ്രതിഷേധിച്ച് ഓൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂണിയൻ (എടിഎസ്‌യു) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് മെയ് 3 മുതല്‍ മണിപ്പൂരിൽ അക്രമസംഭവങ്ങള്‍ നടക്കുകയാണ്.
സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതുവരെ 200 ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, 3,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തേയ് വിഭാഗം ഇംഫാൽ താഴ്‌വരയിലാണ് കൂടുതലായും താമസിക്കുന്നത്. ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന ഗോത്രവർഗ്ഗക്കാർ - നാഗകളും കുക്കികളും മലയോര ജില്ലകളിൽ താമസിക്കുന്നു.
അക്രമം നിയന്ത്രിക്കുന്നതിനും സംസ്ഥാനത്ത് ക്രമസമാധാനം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുമായി മണിപ്പൂർ പോലീസിന് പുറമെ 40,000 കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...