ജോലിസ്ഥലങ്ങളിലും മറ്റുമായി ലൈംഗികാതിക്രമങ്ങള്‍ നേരിട്ട യുവതികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അത് തുറന്നു പറയാന്‍ ധൈര്യവും ആര്‍ജ്ജവവും നല്‍കുന്ന മുന്നേറ്റമാണ് #മിടൂ ക്യാമ്പയിന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും അടുത്ത കാലത്ത് നടന്നതും, വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതുമായ നിരവധി പീഡനങ്ങള്‍ ഇതിനോടകം ഈ ക്യാമ്പയിനിലൂടെ പുറത്തുവന്ന് കഴിഞ്ഞു. 


മിടൂ ഹാഷ്ടാഗിന്‍റെ  പിന്തുണയോടെ ലൈംഗികാതിക്രമങ്ങള്‍ വെളിപ്പെടുത്തി വരുന്ന ഈ സന്ദര്‍ഭത്തില്‍ പരാതികള്‍ ഉന്നയിക്കാന്‍ പുതിയ ഇ മെയില്‍ സംവിധാന൦ ഒരുക്കിയിരിക്കുകയാണ് കേന്ദ്ര വനിതാ കമ്മീഷന്‍. 


metoodew@gmail.com എന്ന ഇമെയില്‍ ഐഡിയിലേക്ക് മീടൂവിലൂടെ പങ്കുവെക്കാന്‍ ഉദ്ദേശിക്കുന്ന അനുഭവങ്ങള്‍ കേന്ദ്ര വനിത കമ്മീഷനെ അറിയിക്കാം. പെട്ടെന്നുള്ള സഹായത്തിനായി 181 എന്ന ഹെല്‍പ് ലൈന്‍ നമ്പറും ഉപയോഗപ്പെടുത്താം. 


മീടൂ ക്യാമ്പയിനിലൂടെ വെളിപ്പെടുത്തലുകള്‍ നടത്തുന്ന സ്ത്രീകള്‍ തങ്ങള്‍ക്കെതിരായി നടന്ന ആക്രമണങ്ങള്‍ വനിത കമ്മീഷനിലും പൊലീസിലും അറിയിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


മീ ടൂ ക്യാമ്പയിന്‍റെ ഭാഗമായി വന്ന പരാതികളും ആരോപണങ്ങളും പ്രത്യേക സമിതിയെ നിയോഗിച്ച് അന്വേഷിക്കുമെന്ന് വനിതാ-ശിശുവികസന മന്ത്രി മേനകാഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.