ന്യൂഡല്‍ഹി: കൊറോണ ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയയച്ച സന്ദേശം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ വൈറസ് ബാധിതമായ ബോറിസ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചാണ് മോദിയുടെ സന്ദേശം. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മോദി സുഖം പ്രാപിക്കട്ടെയെന്നു ആശംസിച്ചിരിക്കുന്നത്. 


തന്‍റെ രോഗം സ്ഥിരീകരിച്ച വാര്‍ത്തയറിയിച്ച് ബോറിസ് പങ്കുവച്ച ട്വീറ്റും മോദി തന്‍റെ കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. 


'പ്രിയപ്പെട്ട ബോറിസ് ജോണ്‍സണ്‍, നിങ്ങളൊരു പോരാളിയാണ്. ഈ പ്രതിസന്ധിയെ നിങ്ങള്‍ അതിജീവിക്കും. നിങ്ങളുടെ നല്ല ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. ആരോഗ്യമുള്ള യുകെയെ പടുത്തുയര്‍ത്താന്‍ വേണ്ടിയുള്ള നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍' - നരേന്ദ്ര മോദി കുറിച്ചു.



താന്‍ കൊറോണ ബാധിതനാണെന്ന വിവരം ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ബോറിസ് അറിയിച്ചത്. കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലായിരുന്നു ബോറിസ്. 


കൊറോണ അതിവേഗം പടര്‍ന്ന് പിടിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടണ്‍,11,600 ല്‍ അധികം പേര്‍ക്ക് ഇതിനോടകം ബ്രിട്ടണില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


578 പേരുടെ ജീവന്‍ ബ്രിട്ടണില്‍ കൊറോണ വൈറസ്‌ അപഹരിക്കുകയും ചെയ്തു.നേരത്തെ ബ്രിട്ടിഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരനും കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചിരുന്നു.