ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്നത് പാഴ്‌വാഗ്ദാനങ്ങളാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപി നല്‍കുന്ന വാഗ്ദാനങ്ങളൊന്നും നടപ്പാക്കാന്‍ വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മോദിയുടെ മുന്‍കാല വാഗ്ദാനങ്ങള്‍ അക്കമിട്ടു നിരത്തിയാണ് സിദ്ധരാമയ്യയുടെ വിമര്‍ശനങ്ങള്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്.


 



 


കള്ളപ്പണം വിട്ടുപോയിട്ടില്ല, ജനങ്ങളുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്ന് സൂചിപ്പിച്ച 15 ലക്ഷം രൂപ ഇനിയും വന്നിട്ടില്ല, നോട്ടുനിരോധനം മൂലം ജനങ്ങളുടെ പണത്തിന് വിലയില്ലാതാക്കി തുടങ്ങി നിരവധി ആരോപണങ്ങളാണ് സിദ്ധരാമയ്യ ഉന്നയിക്കുന്നത്.


തൊഴിലില്ലായ്മ രൂക്ഷമായ അവസരത്തില്‍ യുവാക്കളോട് പക്കോഡ വില്‍ക്കാനാണ് മോദി നിര്‍ദ്ദേശിക്കുന്നത്. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും രാജ്യത്ത് ഇന്ധനവിലയില്‍ യാതൊരു മാറ്റവുമില്ല. അഴിമതിയില്ലാത്ത സര്‍ക്കാരുണ്ടാക്കുമെന്ന്‍ പറഞ്ഞ ഇതേ സര്‍ക്കാരിന്‍റെ കാലത്താണ് ബാങ്കുകള്‍ കൊള്ളയടിക്കപ്പെട്ടതെന്നും അദ്ദേഹം പരിഹസിച്ചു.


ബിജെപിയുടെ വര്‍ഗീയ, വികസന വിരുദ്ധ അജന്‍ഡകള്‍ക്ക് തിരിച്ചടി നല്‍കുകയാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് സിദ്ധരാമയ്യ സൂചിപ്പിച്ചു.


കര്‍ണാടകയുടെ സമഗ്ര വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ അഞ്ചു വര്‍ഷമായി നടത്തിവരുന്ന സര്‍ക്കാര്‍ എല്ലാ മേഖലകളിലും സംസ്ഥാനത്തെ ഒന്നാമതെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അവകാശപ്പെട്ടു.


വികസന വിരുദ്ധരും വര്‍ഗീയ വാദികളുമായ ബിജെപിയെയും അവസരവാദികളായ ജെഡിഎസിനെയും തോല്‍പ്പിക്കാനുള്ളതാണ് കോണ്‍ഗ്രസിന്‍റെ പോരാട്ടമെന്നും സിദ്ധരാമയ്യ ട്വീറ്റില്‍ കുറിച്ചു.