ന്യൂഡല്‍ഹി: 2019ലെ തെരഞ്ഞെടുപ്പില്‍ മത്സരം നരേന്ദ്രമോദിയും ജനങ്ങളും തമ്മിലാവുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍‍. സാമൂഹിക മാധ്യമങ്ങളെ കുറിച്ച് ഇറക്കിയ പുസ്‌കത്തിന്‍റെ പ്രകാശന ചടങ്ങിലാണ് കെജ്‌രിവാള്‍ ഇക്കാര്യം പറഞ്ഞത്.


നോട്ട് അസാധുവാക്കലും ജിഎസ്ടിയും ചെറുകിടകച്ചവടക്കാരുടെ നിത്യ ജീവിതത്തെ തകര്‍ത്തെന്ന് കേജരിവാള്‍ പറഞ്ഞു. മാത്രമല്ല പത്മാവതി വിഷയവും, പശു വിവാദവുമെല്ലാം ജനങ്ങള്‍ക്കിടയില്‍ വിലപ്പോകുമെങ്കിലും ജനങ്ങളുടെ നിത്യജീവിതത്തെ വെല്ലുവിളിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍ ജനം അത് സഹിച്ചെന്ന് വരില്ലയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുമായി ചേര്‍ന്ന് കെട്ടിപ്പടുക്കുന്ന പ്രതിപക്ഷ ഐക്യം നരേന്ദ്രമോദിക്ക് വെല്ലുവിളിയാകുമെന്നും, സര്‍ക്കാര്‍ ലജ്ജയില്ലാതെ നിയമ വിരുദ്ധ കാര്യങ്ങളില്‍ മുഴുകുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളല്ല പകരം സാമൂഹിക മാധ്യമങ്ങളാണ് വസ്തുതകള്‍ പുറത്ത് കൊണ്ടു വരേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സമാന്തര അന്വേഷണം നടക്കണമെന്നും കേജരിവാള്‍ അഭിപ്രായപ്പെട്ടു. ബിജെപി മുന്‍ നേതാവ് അരുണ്‍ ഷോരിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.