Monkeypox India: യുപിയിൽ സ്ത്രീക്ക് മങ്കിപോക്സ് ലക്ഷണങ്ങൾ; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്
Monkeypox in India: ഇന്ത്യയിൽ ഇതുവരെ നാല് മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ മൂന്ന് പേർക്കും ഡൽഹിയിൽ ഒരാൾക്കുമാണ് രാജ്യത്ത് ഇതുവരെ മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിൽ മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നിരീക്ഷണങ്ങൾ ശക്തമാക്കി. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിൽ ഒരാൾക്ക് മങ്കിപോക്സ് ലക്ഷണങ്ങൾ കാണപ്പെട്ടത് വീണ്ടും ആശങ്കയുണർത്തിയിട്ടുണ്ട്. ഔറയ്യ ജില്ലയിലെ ഒരു സ്ത്രീയിലാണ് മങ്കിപോക്സിന്റെ ലക്ഷണങ്ങൾ കണ്ടത്. തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മങ്കിപോക്സ് ലക്ഷണങ്ങൾ കാണപ്പെട്ട സ്ത്രീയുടെ സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചിട്ടുണ്ട്. ബിദുന തെഹ്‌സിലിലെ മൊഹല്ല ജവഹർ നഗറിലെ താമസക്കാരിയായ യുവതിക്ക് കഴിഞ്ഞ ഒരാഴ്ചയായി മങ്കിപോക്സിന് സമാനമായ ലക്ഷണങ്ങളോടെ പനി ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഇതുവരെ നാല് മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ മൂന്ന് പേർക്കും ഡൽഹിയിൽ ഒരാൾക്കുമാണ് രാജ്യത്ത് ഇതുവരെ മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ റിപ്പോർട്ട് ചെയ്ത മൂന്ന് കേസുകളും യുഎഇയിൽ നിന്ന് വന്നവരാണ്.
എന്നാൽ, ഡൽഹിയിൽ നിന്നുള്ള മുപ്പത്തിനാലുകാരനായ മങ്കിപോക്സ് രോഗബാധിതൻ വിദേശയാത്ര നടത്തിയിട്ടില്ലെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഇതേ തുടർന്ന് കേന്ദ്ര സർക്കാർ ഉന്നതതല അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. എയർപോർട്ടുകളിലും, പോർട്ട് ഹെൽത്ത് ഓഫീസർമാർക്കും റീജിയണൽ ഡയറക്ടർമാർക്കും പരിശോധന ശക്തമാക്കാൻ നിർദേശം നൽകി. രാജ്യത്ത് മങ്കിപോക്സ് കേസുകൾ വർധിക്കുന്നത് തടയാൻ രാജ്യത്തേക്ക് എത്തിച്ചേരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും കർശന ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കണമെന്നാണ് നിർദേശം.
എങ്ങനെയാണ് മങ്കിപോക്സ് പടരുന്നത്?
രോഗം ബാധിച്ചതോ അല്ലെങ്കിൽ രോഗം ബാധിച്ച് ചത്തതോ ആയ മൃഗവുമായി ആളുകൾ അടുത്തിടപഴകുമ്പോൾ, വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മൃഗങ്ങളുടെ മാംസവുമായോ രക്തവുമായോ ഉള്ള സമ്പർക്കവും വൈറസ് ബാധയ്ക്ക് കാരണമാകാം. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ മാംസം കഴിക്കുന്നതിന് മുൻപ് ശരിയായ രീതിയിൽ പാകം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിതനായ ഒരു വ്യക്തിയുമായി അടുത്തിടപഴകിയാൽ വൈറസ് ബാധയുണ്ടാകാം. രോഗബാധിതനായ വ്യക്തി ഉപയോഗിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, തൂവാലകൾ, ഭക്ഷണ പാത്രങ്ങൾ തുടങ്ങിയ വസ്തുക്കളിലൂടെ വൈറസ് ബാധയുണ്ടാകാം.
മങ്കിപോക്‌സിന്റെ ലക്ഷണങ്ങൾ?
പനി, പേശിവേദന, ശക്തമായ തലവേദന, ലിംഫ് നോഡുകൾ വലുതാകുക, ചർമ്മത്തിലെ ചുണങ്ങ് അല്ലെങ്കിൽ മുറിവുകൾ, ക്ഷീണം, പുറം വേദന എന്നിവയെല്ലാം മങ്കിപോക്സിന്റെ ലക്ഷണങ്ങളാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഉയർന്ന മുഴകളുള്ള ചുണങ്ങ് പ്രത്യക്ഷപ്പെടുന്നു. പിന്നീട് ചുണങ്ങ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ചുണങ്ങുകളിൽ കുമിളകൾ രൂപം കൊള്ളുന്നു, പിന്നീട് അതിൽ പഴുപ്പ് നിറയും. ഏതാനും ദിവസങ്ങൾക്ക് ശേഷം കുമിളകൾ പൊട്ടിപ്പോകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...