വാരണാസി: ചരിത്ര വിജയത്തിന് ശേഷം വാരണാസിയിലെത്തിയ മോദി കാശിനാഥനെ ദര്‍ശിച്ചതിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അമിത് ഷാ എന്നിവരും മോദിയെ അനുഗമിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വാരണാസിയില്‍ മോദിയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. വാരണാസിയിൽ മോദിക്ക് ലഭിച്ച സ്വീകരണം അദ്ദേഹത്തിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് തെളിയിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു.


വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം മോദി രാജ്യത്തുടനീളം പ്രചാരണത്തിലായിരുന്നു. വാരണാസിയിലെ വോട്ടർമാർ കൈവിടില്ലെന്ന വിശ്വാസത്തോടെയാണ് മോദി രാജ്യത്തുടനീളം പ്രചാരണത്തിനിറങ്ങിയത്. അദ്ദേഹത്തിന്‍റെ വിശ്വാസം വാരണാസിയിലെ ജനം കാത്ത് സൂക്ഷിച്ചെന്നും അമിത് ഷാ പറഞ്ഞു.


തിരഞ്ഞെടുപ്പ് വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മോദിയുടെ വിജയമല്ല, മറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് നരേന്ദ്ര മോദി പറഞ്ഞു.


വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ വിജയം ഉറപ്പായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. അത് പ്രവര്‍ത്തകരിലുള്ള വിശ്വാസത്തിന് തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 


രാജ്യത്തിന്‌ ഞാന്‍ പ്രധാനമന്ത്രിയായിരിക്കാം, എന്നാല്‍ കാശിയ്ക്ക് ഞാനൊരു പ്രവര്‍ത്തകന്‍ മാത്രമായിരിക്കുമെന്നും മോദി പറഞ്ഞു.


രാവിലെ പത്ത് മണിക്ക് വാരാണസി വിമാനത്താവളത്തിൽ എത്തിയ മോദിയ്ക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലായിരുന്നു വരവേൽപ്പ് നല്‍കിയത്. 


തുടര്‍ന്ന്‍ ദർശനത്തിനായി റോഡ് മാർഗം കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി പൂജകൾ പൂർത്തിയാക്കിയ ശേഷമാണ് മോദി നഗരത്തിന് പുറത്തുള്ള ട്രേഡ് ഫെസിലിറ്റി സെന്ററില്‍ എത്തിയത്.