അമൃത്‌സര്‍: പഞ്ചാബ് മന്ത്രിസഭയില്‍ നിന്നും നവജ്യോത് സിംഗ് സിദ്ദു രാജിവച്ചതിനുശേഷം ഉയര്‍ന്നു വന്ന ചോദ്യമാണ് അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും രാജി വയ്ക്കുമോ എന്നത്...


COMMERCIAL BREAK
SCROLL TO CONTINUE READING

അതിന് കാരണമുണ്ട്, മന്ത്രിപദവി രാജി വച്ചതിന്ശേഷം അത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കൂടാതെ, ഈ വിഷയത്തില്‍ പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രചാരണത്തിന് ബലം ലഭിക്കുകയും ചെയ്തു.


എന്നാല്‍ കഴിഞ്ഞ ദിവസം, അമൃത്‌സറില്‍ തിരിച്ചെത്തിയ സിദ്ദു പാര്‍ട്ടി പ്രവര്‍ത്തകരുമായും നാട്ടുകാരുമായി ഏറെനേരം സംവദിച്ചു. കോണ്‍ഗ്രസ് വിടുന്ന പ്രശ്‌നമില്ലെന്നും അമൃത്‌സറിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും സിദ്ദു അവരോട് പറഞ്ഞു. 


ഞായറാഴ്ച വൈകീട്ടാണ് സിദ്ദു അമൃതസറിലെ വീട്ടിലെത്തിയത്. ശേഷം ഇവിടെയുള്ള കൗണ്‍സിലര്‍മാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും കണ്ടു. ഇവരുമായുള്ള സംവദിക്കലിനിടെയാണ് സിദ്ദു കോണ്‍ഗ്രസ് വിട്ടുപോകില്ലെന്ന് വ്യക്തമാക്കിയത്. സിദ്ദു പാര്‍ട്ടി വിടുമോ എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് അമൃതസറിലെ കൗണ്‍സിലര്‍ ജതീന്ദര്‍ സിംഗ് ഭാട്ടിയ പറഞ്ഞു.


നേരത്തെ രാജ്യസഭാംഗത്വം രാജിവെച്ച വ്യക്തിയാണ് സിദ്ദു. അതുകൊണ്ടുതന്നെ രാജി എന്നത് അദ്ദേഹത്തിന് വലിയ സംഭവമല്ല. അമൃത്‌സറിലെ ഒട്ടേറെ കൗണ്‍സിലര്‍മാര്‍ സിദ്ദുവിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ സിദ്ദു തടയുകയാണ് ചെയ്തതെന്നും ഭാട്ടിയ പറഞ്ഞു. 


നിലവിലെ അവസ്ഥ പരിശോധിച്ചാല്‍ ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി രാവിലെ 11 മണി മുതല്‍ 1 മണി വരെ അദ്ദേഹം തന്‍റെ ഓഫീസിലുണ്ടാവുമെന്നും ഭാട്ടിയ പറഞ്ഞു.