ന്യൂഡല്‍ഹി: ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് ശേഷം നടന്ന കര്‍ണാടക സഖ്യ സര്‍ക്കാരിന്‍റെ പതനം കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി നടത്തിയ കുതിരക്കച്ചവടമാണ് ഇതിന് പിന്നില്‍ എന്നാണ് കോണ്‍ഗ്രസ്‌ ആരോപിക്കുന്നത്. പണം വാഗ്ദാനം ചെയ്തും കേന്ദ്ര ഏജന്‍സികളെ കാട്ടി ഭീഷണിപ്പെടുത്തിയുമാണ് എംഎല്‍എമാരെ മറുകണ്ടം ചാടിച്ചത് എന്നാണ് കോണ്‍ഗ്രസിന്‍റെ' ഭാഷ്യം. 


അതേസമയം, കര്‍ണാടകത്തിലെ രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെയാണ് പ്രിയങ്കയുടെ പ്രതികരണം. എല്ലാവരെയും വിലയ്ക്ക് വാങ്ങാന്‍ കഴിയില്ലെന്ന് ബിജെപി ഒരു ദിവസം തിരിച്ചറിയുമെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. 


''എല്ലാം പണം കൊടുത്ത് വാങ്ങാനാകില്ലെന്നും എല്ലാവരേയും എക്കാലവും ഭീഷണിപ്പെടുത്താനാകില്ലെന്നും എല്ലാ കളളങ്ങളും കാലക്രമേണെ തുറന്ന് കാട്ടപ്പെടുമെന്നും ഒരുനാള്‍ ബിജെപി തിരിച്ചറിയും...'' എന്നാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.


''ഞാന്‍ കരുതുന്നത് അതുവരെ അവരുടെ അനിയന്ത്രിതമായ അഴിമതിയും പൗരന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങളെ ഘട്ടംഘട്ടമായി തകര്‍ക്കുന്നതും നൂറ്റാണ്ടുകളുടെ അധ്വാനവും ത്യാഗവും കൊണ്ട് കെട്ടിപ്പടുത്ത ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതും അടക്കം ഈ രാജ്യത്തെ ജനങ്ങള്‍ സഹിക്കേണ്ടി വരും എന്നാണ്'' എന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ പ്രതികരിച്ചു.


കര്‍ണാടക സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപിക്കെതിരെ രംഗത്ത് വന്നിരുന്നു. ''ഇന്ന് അവരുടെ ആര്‍ത്തി വിജയിച്ചിരിക്കുന്നു. ജനാധിപത്യവും സത്യസന്ധതയും കര്‍ണാടകത്തിലെ ജനങ്ങളും തോറ്റു'' എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.


ഭരണപക്ഷത്തെ 15 എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചതോടെയാണ്​ കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി ഉട​ലെടുത്തത്​. ബിജെപി പാളയത്തിലേക്ക്​ നീങ്ങിയ വിമതരെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ്​, ജെഡിഎസ്​ നേതൃത്വം പരാമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ സഭ വിശ്വസവോട്ടിലേക്ക്​ നീങ്ങുകയും 99നെതിരെ 105 വോട്ടുകള്‍ക്ക്​​ കര്‍ണാടക നിയസഭയില്‍ വിശ്വാസവോട്ട്​ പരാജയപ്പെടുകയുമായിരുന്നു​.