ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാര്‍ച്ച് 31നു ശേഷം കൈവശം വയ്ക്കുന്നവര്‍ക്കു പിഴ ശിക്ഷ മാത്രമെയുള്ളൂവെന്ന് കേന്ദ്രധനമന്ത്രാലയം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുറഞ്ഞത് 10,000 രൂപയാണ് പിഴ. ഓര്‍ഡിനന്‍സ് ഉടന്‍തന്നെ രാഷ്ട്രപതി ഒപ്പിട്ട് ഡിസംബര്‍ 31 മുതല്‍ പ്രാബല്യത്തില്‍ വരും. നേരത്തെ, മന്ത്രിസഭ അംഗികാരം നല്‍കിയ ഓര്‍ഡിനന്‍സില്‍ നിരോധിച്ച നോട്ടുകള്‍ കൈവശം വെച്ചാല്‍ നാലു വര്‍ഷം ജയില്‍ ശിക്ഷയും 50,000 രൂപ പിഴയും ഈടാക്കാനുള്ള വകുപ്പുണ്ടായിരുന്നു. ഇതില്‍ മാറ്റം വരുത്തിയാണ് ധനമന്ത്രാലയം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.


ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി അസാധു കറന്‍സി റിസര്‍വ് ബാങ്ക് ശാഖകളില്‍ നിക്ഷേപിക്കുന്നവര്‍ക്കും പിഴയുണ്ടാകും. ഡിസംബര്‍ 31 വരെയാണ് അസാധുനോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള സമയം. അതിനുശേഷം 2017 മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്ക് കേന്ദ്രങ്ങളില്‍ അസാധു നോട്ടുകള്‍ നിക്ഷേപിക്കാം. ഇതിന് ശേഷവും ഇത്തരം നോട്ടുകള്‍ കൈവശം വെക്കുന്നത് തടയാനാണ് നിയമനിര്‍മാണം.