PUBG Love: ഇന്ത്യ-പാക് പബ്ജി പ്രണയം: ഇവിടെ കിടന്ന് മരിക്കാനും തയ്യാർ, പാക്കിസ്ഥാനിലോട്ടില്ലെന്ന് കാമുകി
India Pakisthan Pubg Love Story: യൂട്യൂബിലൂടെയാണ് ഇരുവരും പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്താൻ വഴി കണ്ടെത്തിയത്. പാക്കിസ്ഥാനിലെ തന്റെ വീടും സ്ഥലവും വിറ്റാണ് യാത്രാ ചിലവിനുള്ള പണം യുവതി സ്വരൂപിച്ചത്. തുടർന്ന് തന്റെ നാല് മക്കളുമായി യുവതി യാത്ര തിരിക്കുകയായിരുന്നു.
നോയിഡ: പബ്ജി ഗെയിമിലൂടെ ഇന്ത്യയിലുള്ള യുവാവുമായി പ്രണയത്തിലായി ഇന്ത്യയിലെത്തിയ പാക്കിസ്ഥാനി യുവതിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. പാകിസ്താനിലെ ഖൈര്‍പുര്‍ സ്വദേശിയായ സീമ ഹൈദറി(27)നെതിരെയാണ് ഫോറിനേഴ്‌സ് ആക്ട്, പാസ്‌പോര്‍ട്ട് ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. സംഭവത്തില്‍ യുവതിയുടെ കാമുകനായ ഗ്രേറ്റര്‍ നോയിഡ സ്വദേശി സച്ചിന്‍ സിങ്ങിനെ(22)യും ഇയാളുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് പ്രവേശിക്കാൻ യുവതിയെ സഹായിച്ചതിനും അനധികൃതമായി ഇവരെ രാജ്യത്ത് തമസിക്കാനായി സഹായിച്ചതിനുമാണ് ഇവർക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തത്.
എന്നാൽ എന്തു വന്നാലും ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിലേക്ക് തിരിച്ചു പോകില്ലെന്നാണ് പാക്ക് യുവതിയുടെ പ്രതികരണം. കാമുകനായ സച്ചിനെ വിവാഹം കഴിക്കണമെന്നാണ് യുവതിയുടെ ആവശ്യം. ഇനി ഒരിക്കലും പാകിസ്താനിലേക്ക് തിരികെപോകില്ല. അവിടെ എനിക്ക് ആരുമില്ല. ഒരുവര്‍ഷം മുന്‍പ് ഭര്‍ത്താവ് വിവാഹമോചനം നേടി. എനിക്ക് സച്ചിനെയാണ് ഇഷ്ടം. അദ്ദേഹത്തെ വിവാഹം കഴിക്കണം', സീമ ഹൈദര്‍ പറഞ്ഞു. പാക് യുവതിയുമായുള്ള വിവാഹം നടത്തിത്തരണമെന്നായിരുന്നു അറസ്റ്റിലായ സച്ചിന്റെയും ആവശ്യം. തന്റെ വിവാഹം നടത്തിത്തരാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അഭ്യര്‍ഥിക്കുകയാണ്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല.
ALSO READ: ആദിവാസി യുവാവിന്‍റെ മേൽ മൂത്രമൊഴിച്ച് BJP നേതാവ് പ്രവേശ് ശുക്ല, നിഷേധിച്ച് പാര്‍ട്ടി നേതൃത്വം
തനിക്ക് സീമയെ ഇഷ്ടമാണ്. അവള്‍ പാകിസ്താനി ആയതുകൊണ്ട് മാത്രമാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും സച്ചിന്‍ സിങ് പറഞ്ഞു. അതേസമയം പാകിസ്താനില്‍നിന്ന് നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് വരാന്‍ സീമ ഹൈദറും സച്ചിനും തീരുമാനിച്ചത് യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് എന്നാണ് ഇവർ പറയുന്നത്. പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് എത്താനുള്ള മാർഗം ഇവർ യൂട്യൂബിൽ തിരഞ്ഞിരുന്നു. അതിൽ നിന്നും നേപ്പാൾ വഴി വരുന്നതാണ് എളുപ്പമെന്ന് ഇവർ കണ്ടെത്തി. തുടര്‍ന്ന് പാകിസ്താനില്‍നിന്ന് ദുബായിലേക്കും അവിടെനിന്ന് നേപ്പാളിലേക്കും വിമാനത്തില്‍ യാത്രചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഇതിനായി സീമ ഹൈദര്‍ യാത്രയ്ക്കുള്ള പണം സ്വരൂപിച്ചത് പാക്കിസ്ഥാനിലെ തന്റെ വീടും സ്ഥലവും വിറ്റാണ്. 12 ലക്ഷം രൂപയ്ക്കാണ് ഇവർ വീട് വിറ്റത്. തുടർന്ന് നാലുകുട്ടികളെയും കൂട്ടി സീമ പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് യാത്രതിരിക്കുകയായിരുന്നു. പാക്കിസ്ഥാനിലുള്ള ഒരു ട്രാവൽ ഏജൻസി വഴിയാണ് സീമ ഹൈദർ ദുബായിലേക്കും അവിടെനിന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലേക്കും വിമാനടിക്കറ്റെടുത്തത്. പാകിസ്താനില്‍നിന്ന് തന്റെ കുഞ്ഞുങ്ങൾക്കൊപ്പം മേയ് പത്താം തീയതി യാത്ര തിരിച്ച യുവതി മേയ് 11-ന് കാഠ്മണ്ഡുവിലെത്തി. അവിടെനിന്ന് പൊഖ്ര വരെ ബസിലായിരുന്നു യാത്ര. അതിര്‍ത്തി കടന്ന് ഡല്‍ഹിയിലേക്കും ബസില്‍ യാത്ര തുടര്‍ന്നു. യമുന എക്‌സ്പ്രസ് വേയില്‍ രാബുപുരയ്ക്ക് സമീപമാണ് യുവതി ബസിറങ്ങിയത്.
അവിടെ സീമയ്ക്ക് വേണ്ടി കാമുകനായ സച്ചിൻ കാത്തിരുന്നു. തുടര്‍ന്ന് ഇരുവരും ദമ്പതിമാരെന്ന വ്യാജേന വാടകവീട് സംഘടിപ്പിച്ച് ഒരുമിച്ച് താമസം ആരംഭിക്കുകയായിരുന്നു. 2020-ല്‍ കോവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് സച്ചിനും സീമയും പരിചയപ്പെട്ടത്. ആ സമയത്ത് ഇരുവരും ഒരുമിച്ച് പബ്ജി ഗെയിം കളിക്കുമായിരുന്നു. തുടര്‍ന്ന് ഇരുവരും മൊബൈല്‍നമ്പറുകള്‍ കൈമാറുകയും അടുപ്പത്തിലാവുകയും ചെയ്തു. ഈ വര്‍ഷം മാര്‍ച്ചില്‍ കമിതാക്കളായ രണ്ടുപേരും നേപ്പാളില്‍ എത്തി നേരിട്ടുകണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് വിവാഹം കഴിക്കാനും കുട്ടികളെ കൂട്ടി ഇന്ത്യയിലേക്ക് വരാനും ഇരുവരും തീരുമാനിച്ചത്.അതിനിടെ അന്വേഷണത്തിലൂടെ, പാക് യുവതിയില്‍നിന്ന് ഒരു സിംകാര്‍ഡും അഞ്ച് മൊബൈല്‍ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പാകിസ്താനിലെ തിരിച്ചറിയല്‍ രേഖകള്‍, പാസ്‌പോര്‍ട്ട്, വിവാഹ സര്‍ട്ടിഫിക്കറ്റ്, വിമാനടിക്കറ്റുകള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ആദ്യവിവാഹത്തിന്റെ ദൃശ്യങ്ങളടങ്ങിയ സി.ഡി.യും യുവതിയുടെ പക്കല്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.പാക് യുവതിയുടെ മൊഴിയില്‍ പലതരത്തിലുള്ള വൈരുദ്ധ്യങ്ങളുണ്ടെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം. അഞ്ചാംക്ലാസ് വരെ താൻ പഠിച്ചിട്ടുള്ളൂവെന്നായിരുന്നു യുവതിയുടെ ആദ്യ മൊഴി. പക്ഷെ കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയവയെല്ലാം യുവതി അനായാസം കൈകാര്യംചെയ്യാനുള്ള സാങ്കേതിക പരിജ്ഞാനം യുവതിക്കുണ്ട്. കൂടാതെ നല്ല ഒഴുക്കോടെ ഹിന്ദി സംസാരിക്കുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുവതിയെക്കുറിച്ച് സംശയങ്ങളുള്ളതിനാല്‍ കേന്ദ്ര ഏജന്‍സികളടക്കം അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...