ന്യൂഡല്‍ഹി: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ പാര്‍ലമെന്‍റിന്‍റെ  വര്‍ഷകാല സമ്മേളന (Parliament Monsoon Session) ത്തിന് ഇന്ന് തുടക്കം. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ ലോക്‌സഭയും,  ഉച്ചയ്ക്ക് ശേഷം രാജ്യസഭയും ചേരും.  ദിവസവും  4 മണിക്കൂര്‍ വീതമാണ് സമ്മേളനം നടക്കുക.  ശനി, ഞായര്‍ ദിവസങ്ങളിലും സഭ ചേരും ജൂലൈ പകുതിയോടെയാണ് വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്. എന്നാല്‍, ഇത്തവണ   കോവിഡ്  വ്യാപനം മൂലം  സമ്മേളനം മാറ്റിവയ്ക്കുകയായിരുന്നു.


18 ദിവസമാണ് സമ്മേളനം നടക്കുക.  രാജ്യസഭാ ഉപാദ്ധ്യക്ഷ  സ്ഥാനത്തേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. 


ഇന്ത്യ ചൈന അതിര്‍ത്തി പുകയുന്നു, GDP കൂത്ത് കുത്തുന്നു, ഡല്‍ഹി കലാപക്കേസിലെ കുറ്റപത്രത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേര് ഉള്‍പ്പെടുത്തിയത് തുടങ്ങി നിരവധി വിഷയങ്ങളാല്‍  പാര്‍ലമെന്‍റ്   കലുഷിതമാവും. 


ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രസ്താവന അവതരിപ്പിച്ചേക്കുമെന്നാണ്  റിപ്പോര്‍ട്ട്. കേരളത്തില്‍ നടന്ന സ്വര്‍ണക്കടത്ത് വിഷയം കോണ്‍ഗ്രസും ഉന്നയിച്ചേക്കും. 


വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തില്‍ ജിഡിപി തകര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍  ചര്‍ച്ച ആവശ്യപ്പെട്ടിട്ടുണ്ട്. 


അതേസമയം,  വാര്‍ഷിക മെഡിക്കല്‍ ചെക്കപ്പിനായി  അമേരിക്കയിലായതിനാല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും വയനാട് എംപി  രാഹുല്‍  ഗാന്ധിയും ഇന്ന് ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തിന്‍റെ  ആദ്യ  ദിവസങ്ങളില്‍ പാര്‍ലമെന്‍റില്‍ എത്തില്ല. സോണിയ പതിവ് വൈദ്യപരിശോധനയ്ക്കായി ശനിയാഴ്ചയാണ്  അമേരിക്കയ്ക്ക്  പോയത്. 


Also read: പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ മുതൽ


ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും കോവിഡ്-19 കിറ്റ് വിതരണം ചെയ്തിട്ടുണ്ട്. വര്‍ഷകാല സമ്മേളനകാലത്ത് ക്യാന്‍റീനില്‍ നിന്ന് പായ്ക്ക് ചെയ്ത ഭക്ഷണമാകും എംപിമാര്‍ക്ക് ലഭിക്കുക. ഒക്ടോബര്‍ 1ന് വര്‍ഷകാല സമ്മേളനം അവസാനിക്കും.