ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നടക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളില്‍  പ്രതികരണവുമായി   കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ സല്‍മാന്‍ ഖുര്‍ഷിദ്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോടുള്ള അതൃപ്തി പരസ്യമായി രേഖപ്പെടുത്തി  രംഗത്തെത്തിയ  സച്ചിന്‍ പൈലറ്റിന്‍റെ തീരുമാനത്തില്‍ നടുക്കവും  ആശങ്കയു൦  അദ്ദേഹം  രേഖപ്പെടുത്തി. 


രാജസ്ഥാനില്‍ അരങ്ങേറുന്ന രാഷ്ട്രീയ നീക്കങ്ങള്‍   കാണുമ്പോള്‍ അതിയായ ദു:ഖമുണ്ടെന്നാണ് സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിച്ചത്. തന്‍റെ  ഏറ്റവും അടുത്ത സുഹൃത്തായിരുന്ന രാജേഷ് പൈലറ്റിന്‍റെ  മകനാണ് ഈ "ചുഴി"യില്‍പ്പെട്ടിരിക്കുന്നത് എന്നതാണ് തന്നെ ഏറെ വിഷമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


നമ്മള്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ വെച്ച് നോക്കുമ്പോള്‍ വ്യക്തിപരമായ ആഗ്രഹങ്ങളും പ്രതീക്ഷകളുമെല്ലാം എത്രയോ നിസാരമാണെന്നും നമുക്ക് നമ്മുടെ കാഴ്ചപ്പാടുകളും ഊര്‍ജ്ജവും വീണ്ടെടുക്കാമെന്നുമായിരുന്നു സല്‍മാന്‍ ഖുര്‍ഷിദ്  ട്വിറ്ററില്‍ കുറിച്ചത്.


Also read: സത്യത്തെ ഉപദ്രവിക്കാം; പക്ഷെ തോല്‍പ്പിക്കാന്‍ കഴിയില്ല...!! പ്രതികരണവുമായി സച്ചിന്‍ പൈലറ്റ്


അതേസമയം,  സച്ചിന്‍ പൈലറ്റിന്‍റെയും  സംഘത്തിന്‍റെയും  നീക്കങ്ങള്‍  ബി.ജെ.പിയുടെ തിരക്കഥയ്ക്ക് അനുസരിച്ചാണ് എന്നാണ്   മുഖ്യമന്ത്രി അശോക്   ഗെഹ്‌ലോട്ട്  ആവര്‍ത്തിക്കുന്നത്. മധ്യപ്രദേശില്‍ പ്രവര്‍ത്തിച്ച അതേ ടീമാണ് ഇവിടെയും പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്  എന്നും ഗെഹ്‌ലോട്ട് പറഞ്ഞു.


എന്നാല്‍, രാജസ്ഥാനിലെ  രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ  കോണ്‍ഗ്രസ്‌ നേതൃത്വം നടപടി കൈക്കൊണ്ടു. അതനുസരിച്ച് രാജസ്ഥാന്‍  ഉപമുഖ്യമന്ത്രി, പിസിസി അദ്ധ്യക്ഷ  സ്ഥാനങ്ങളില്‍ നിന്ന്‌ സച്ചിന്‍ പൈലറ്റിനെ നീക്കി.  ഒപ്പം സച്ചിന്‍ അനുകൂലികളായ  രണ്ട് മന്ത്രിമാരേയും പദവികളില്‍ നിന്ന് നീക്കി. ജയ്പൂരില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം.


Also read: അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടു, ഉപ മുഖ്യമന്ത്രി, പാര്‍ട്ടി അദ്ധ്യക്ഷ പദവിയില്‍ നിന്നും സച്ചിന്‍ പൈലറ്റ് പുറത്ത് ....!!


മന്ത്രിമാരായ വിശ്വേന്ദ്രസിംഗ്, രമേഷ് മീന  എന്നിവരെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്‌. സച്ചിനെ മാറ്റി ഗോവിന്ദ്  സിംഗ്   ദൊദാസ്ത്രയെ പിസിസി അദ്ധ്യക്ഷനായിനിയമിക്കുകയും ചെയ്തു. 


നിലപാട് മാറ്റാന്‍  തയ്യാറായില്ലെങ്കില്‍  പൈലറ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.  സച്ചിനെ അനുനയിപ്പിക്കാന്‍ AICC ജനറല്‍സെക്രട്ടറി പ്രിയങ്ക  ഗാന്ധിയും ശ്രമം നടത്തിയിരുന്നു. എന്നാല്‍ പരാജയപ്പെടുകയായിരുന്നു. ഈയവസരത്തിലാണ്  നടപടിയുമായി കോണ്‍ഗ്രസ്‌ മുന്നോട്ടു നീങ്ങിയത്.


ചൊവ്വാഴ്ച ജയ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ സച്ചിന്‍ പൈലറ്റും അദ്ദേഹത്തിന്‍റെ  വിശ്വസ്തരായ 17 എംഎല്‍എമാരും പങ്കെടുത്തിരുന്നില്ല. തുടര്‍ച്ചയായ രണ്ടാം  തവണയും സച്ചിന്‍ പൈലറ്റും സംഘവും നിയമസഭാകക്ഷി യോഗം ബഹിഷ്‌കരിച്ചതിനു പിന്നാലെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം യോഗം പാസാക്കുകയായിരുന്നു.