ന്യൂഡല്‍ഹി: അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ സച്ചിന്‍ പൈലറ്റിനെതിരെ നടപടിയുമായി കോണ്‍ഗ്രസ് നേതൃത്വം...
രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി, പിസിസി അദ്ധ്യക്ഷ സ്ഥാനങ്ങളില്‍ നിന്ന് സച്ചിന്‍ പൈലറ്റിനെ നീക്കി. ഒപ്പം സച്ചിന്‍ അനുകൂലികളായ രണ്ട് മന്ത്രിമാരേയും പദവികളില്‍ നിന്ന് നീക്കി. ജയ്പൂരില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം.
മന്ത്രിമാരായ വിശ്വേന്ദ്രസിംഗ്, രമേഷ് മീന എന്നിവരെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്. സച്ചിനെ മാറ്റി ഗോവിന്ദ് സിംഗ് ദൊദാസ്ത്രയെ പിസിസി അദ്ധ്യക്ഷനായിനിയമിക്കുകയും ചെയ്തു.
നിലപാട് മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ പൈലറ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. സച്ചിനെ അനുനയിപ്പിക്കാന്‍ AICC ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ശ്രമം നടത്തിയിരുന്നു. എന്നാല്‍ പരാജയപ്പെടുകയായിരുന്നു. ഈയവസരത്തിലാണ് നടപടിയുമായി കോണ്‍ഗ്രസ് മുന്നോട്ടു നീങ്ങിയത്.
സച്ചിന്‍ പൈലറ്റിനൊപ്പം യോഗത്തില്‍നിന്നും വിട്ടുനിന്ന മറ്റ് എം.എല്‍.എമാര്‍ക്കെതിരെയും പാര്‍ട്ടി നടപടി സ്വീകരിച്ചേക്കുമെന്നാണ് സൂചന. എല്ലാ കോണ്‍ഗ്രസ് എം.എല്‍.എമാരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്ന് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിരുന്നു.
Also read: അശോക് ഗെഹ്‌ലോട്ട് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം, ആവശ്യവുമായി BJP
ചൊവ്വാഴ്ച ജയ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ സച്ചിന്‍ പൈലറ്റും അദ്ദേഹത്തിന്‍റെ വിശ്വസ്തരായ 17 എംഎല്‍എമാരും പങ്കെടുത്തിരുന്നില്ല. തുടര്‍ച്ചയായ രണ്ടാം തവണയും സച്ചിന്‍ പൈലറ്റും സംഘവും നിയമസഭാകക്ഷി യോഗം ബഹിഷ്‌കരിച്ചതിനു പിന്നാലെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം യോഗം പാസാക്കുകയായിരുന്നു.
ജയ്പുരില്‍ ഇന്ന് നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ 102 എംഎല്‍എമാര്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട് .
രാജസ്ഥാനില്‍ 200 അംഗങ്ങളുള്ള നിയമസഭയില്‍ 107 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. അന്യര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന് 125 പേരുടെ പിന്തുണയാണ് ഉള്ളത്.