ന്യൂഡല്‍ഹി: രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി സച്ചിന്‍ പൈലറ്റ്....
സത്യത്തെ ഉപദ്രവിക്കാന്‍ മാത്രമെ കഴിയുകയുള്ളു, എന്നാല്‍, അതിനെ പരാജയപ്പെടുത്താന്‍ കഴിയില്ല, ഇതായിരുന്നു സച്ചിന്‍ പൈലറ്റ് നടത്തിയ പ്രതികരണം. പദവികളില്‍ നിന്നും നീക്കി ഏതാനും നിമിഷങ്ങള്‍ക്കകമായിരുന്നു സച്ചിന്‍ പൈലറ്റിന്‍റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് സച്ചിന്‍ രംഗത്തെത്തിയത്.
എന്നാല്‍, സച്ചിന്‍റെ അടുത്ത നീക്കം എന്താണ് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. അദ്ദേഹത്തിന്‍റെ മുന്‍പില്‍ രണ്ട് വഴികളാണ് അവശേഷിച്ചിരിയ്ക്കുന്നത്. ഒന്നുകില്‍ ബിജെപിയില്‍ ചേരുക, അല്ലെങ്കില്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുക. എന്നാല്‍, ബിജെപിയില്‍ ചേരില്ല എന്നവിവരം അദ്ദേഹം മുന്‍പും സൂചിപ്പിച്ചിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, വൈകുന്നേരത്തോടെ തന്‍റെ തീരുമാനം സച്ചിന്‍ പൈലറ്റ് വ്യക്തമാക്കുമെന്നാണ് സൂചന.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി ഇടഞ്ഞ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് പല ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇന്ന് വിളിച്ചു ചേര്‍ത്ത നിയമസഭാ കക്ഷി യോഗത്തിലും സച്ചിന്‍ വിട്ടു നിന്നതോടെയാണ് കോണ്‍ഗ്രസ് നടപടി കൈക്കൊണ്ടത്.
യോഗത്തില്‍ സച്ചിനൊപ്പമുള്ള 18 എംഎല്‍എമാരും പങ്കെടുത്തിരുന്നില്ല. യോഗത്തില്‍ പങ്കെടുക്കാത്തതിന് പുറമേ തനിക്കൊപ്പമുള്ള എംഎല്‍എമാരുടെ വീഡിയോയും സച്ചിന്‍ പൈലറ്റ് പുറത്ത് വിട്ടിരുന്നു. ഇതോടുകൂടിയാണ് പാര്‍ട്ടി കടുത്ത നടപടികള്‍ സ്വീകരിച്ചത്.
രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി, പിസിസി അദ്ധ്യക്ഷ സ്ഥാനങ്ങളില്‍ നിന്ന് സച്ചിന്‍ പൈലറ്റിനെ നീക്കിയതിനൊപ്പം സച്ചിന്‍ അനുകൂലികളായ രണ്ട് മന്ത്രിമാരേയും പദവികളില്‍ നിന്ന് നീക്കി. ജയ്പൂരില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലായിരുന്നു ഈ തീരുമാനം.
മന്ത്രിമാരായ വിശ്വേന്ദ്രസിംഗ്, രമേഷ് മീന എന്നിവരെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്. സച്ചിനെ മാറ്റി ഗോവിന്ദ് സിംഗ് ദൊദാസ്ത്രയെ പിസിസി അദ്ധ്യക്ഷനായിനിയമിക്കുകയും ചെയ്തു.
നിലപാട് മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ പൈലറ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. സച്ചിനെ അനുനയിപ്പിക്കാന്‍ AICC ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ശ്രമം നടത്തിയിരുന്നു. എന്നാല്‍ പരാജയപ്പെടുകയായിരുന്നു. ഈയവസരത്തിലാണ് നടപടിയുമായി കോണ്‍ഗ്രസ് മുന്നോട്ടു നീങ്ങിയത്.
സച്ചിന്‍ പൈലറ്റിനൊപ്പം യോഗത്തില്‍നിന്നും വിട്ടുനിന്ന മറ്റ് എം.എല്‍.എമാര്‍ക്കെതിരെയും പാര്‍ട്ടി നടപടി സ്വീകരിച്ചേക്കുമെന്നാണ് സൂചന. എല്ലാ കോണ്‍ഗ്രസ് എം.എല്‍.എമാരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്ന് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിരുന്നു.
ജയ്പുരില്‍ ഇന്ന് നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ 102 എംഎല്‍എമാര്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട് .
രാജസ്ഥാനില്‍ 200 അംഗങ്ങളുള്ള നിയമസഭയില്‍ 107 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. അന്യര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന് 125 പേരുടെ പിന്തുണയാണ് ഉള്ളത്.