ന്യൂഡൽഹി:അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ തേടി വീണ്ടും പുലിറ്റ്സർ പുരസ്കാരം എത്തി. ഫീച്ചർ ഫോട്ടോഗ്രാഫി എന്ന വിഭാഗത്തിലാണ് ഡാനിഷ് സിദ്ദിഖിക്ക് അവാർഡ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ കോവിഡ് കേസുകളും മരണങ്ങളും ഉയർന്നപ്പോൾ ഡാനിഷ് സിദ്ദിഖി എടുത്ത ചിത്രങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. ഡാനിഷ് സിദ്ദിഖിക്ക് ഒപ്പം അദ്‌നാൻ അബിദി, സന്നാ ഇർഷാദ് മാട്ടൂ, അമിത് ദവേ എന്നിവർക്കും ഇതേ വിഭാഗത്തിൽ പുലിറ്റ്സർ അവാർഡ് ലഭിച്ചിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങൾക്ക് തന്നെയാണ് എല്ലാവർക്കും ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തിൽ അവാർഡ് ലഭിച്ചിരിക്കുന്നത്. 

 

കോവിഡ് ഉയർന്നു നിന്ന കഴിഞ്ഞ വർഷം ഡൽഹിയിൽ കൂട്ടമായി മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിന്റെ ഫോട്ടോ ഡാനിഷ് സിദ്ദിഖി എടുത്തിരുന്നു. ഡൽഹിയിലെ കോവിഡ് ഭീതിയും സാഹചര്യവും എത്രമാത്രമാണെന്ന് തെളിയിച്ച് കാട്ടുന്ന ചിത്രമായിരുന്നു ഇത്. ചില കോണുകളിൽ നിന്നുള്ള വിമർശനങ്ങൾക്കും ചിത്രം കാരണമായി.

 

റോയിറ്റേഴ്സ് വാർത്താ ഏജൻസിയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന ഡാനിഷ് സിദ്ദിഖി 2021 ജൂലൈ 16നാണ് കൊല്ലപ്പെട്ടത്. താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ചടക്കുന്നതിന്റെ ഭാഗമായി നടത്തിയ നീക്കം റിപ്പോർട്ട് ചെയ്യാനെത്തിയ രാജ്യാന്തര വാർത്ത ഏജൻസിയിലെ അംഗമായിരുന്നു ഡാനിഷ് സിദ്ദിഖി. കാണ്ഡഹാറിലെ സ്പിൻ ബോൾഡക്കിൽ വച്ചാണ് സിദ്ദിഖിനെ താലിബാൻ ഭീകരർ പിടികൂടിയത്. അവിടെ സമീപത്തുള്ള മുസ്‍ലീം പള്ളിയിലേക്ക് കൊണ്ടുപോയ സിദ്ദിഖിക്ക് പിന്നീട് എന്ത് സംഭവിച്ചെന്ന കാര്യം റോയിറ്റേഴ്സിന് പോലും വ്യക്തമായി അറിയില്ല. പരുക്കേറ്റ സിദ്ദിഖിയെ അവിടെ ചികിത്സിക്കാൻ വേണ്ടിയാണ് പള്ളിയിലേക്ക് മാറ്റിയതെന്ന് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

 

ഡാനിഷിനെ കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ മൃതശരീരത്തോടും ക്രൂരമായ രീതിയിലാണ് താലിബാൻ ഭീകരർ പെരുമാറിയത്. 12 വെടിയുണ്ടകൾ തറച്ച പാടുകൾ അദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. മൃതദേഹത്തിലൂടെ വലിയ വാഹനം കയറ്റിയിറക്കിയെന്നും പിന്നീട് വ്യക്തമായി.

 

ഡാനിഷ് സിദ്ദിഖിയുടെ മരണത്തിന് ഉത്തരവാദികളായ താലിബാൻ അംഗങ്ങളെ ശിക്ഷിക്കണമെന്ന് കാട്ടി അദ്ദേഹത്തിന്റെ മാതാപിതാക്കളായ ഷാഹിദ അക്തറും പ്രൊഫ. അക്തർ സിദ്ദിഖിയും രാജ്യാന്തര കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. 

ഇതിന് മുമ്പും ഡാനിഷ് സിദ്ദിഖിയുടെ ഫോട്ടോകൾക്ക് പുലിറ്റ്സർ അവാർഡ് ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ