Karnataka Election Result 2023: കന്നഡ മണ്ണില്‍ മോദി പ്രഭാവം ഏറ്റില്ല; ഇനി `ബിജെപി മുക്ത ദക്ഷിണേന്ത്യ`
Congress conquered Karnataka from BJP: നരേന്ദ്ര മോദിയെ മുന്നിൽ നിർത്തി ബിജെപി ഉയർത്തിയ വെല്ലുവിളി ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മറികടന്നാണ് കോൺഗ്രസ് കർണാടക പിടിച്ചത്.
ബെംഗളൂരു: കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയം കൊണ്ടുനടക്കുന്ന പാര്‍ട്ടിയാണ് ബിജെപി. 2014ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയതോടെ രാജ്യത്ത് നിന്ന് കോണ്‍ഗ്രസിനെ തുടച്ചു നീക്കാനുള്ള പദ്ധതികള്‍ ബിജെപി ആവിഷ്കരിച്ചിരുന്നു. ബിജെപിയുടെ തന്ത്രങ്ങളില്‍ കാലിടറിയ കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും വീണു. രാജ്യത്ത് നാമാവശേഷമാകും എന്ന അവസ്ഥയില്‍ നില്‍ക്കുന്നിടത്ത് നിന്നാണ് കര്‍ണാടക പിടിച്ച് കോണ്‍ഗ്രസ് തിരിച്ചുവരുന്നത്.
രാജ്യത്തിനകത്തും പുറത്തും കരുത്തനായ നേതാവ് എന്ന വിശേഷണമുള്ള, ബിജെപിയുടെ തുറുപ്പുചീട്ടായ നരേന്ദ്ര മോദി എന്ന നേതാവിന്റെ വ്യക്തിപ്രഭാവമാണ് പല സംസ്ഥാനങ്ങളിലും ബിജെപിയ്ക്ക് കരുത്തായത്. സംസ്ഥാനങ്ങളിലെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറയുന്നതിന് പകരം വോട്ടര്‍മാര്‍ക്ക് മുന്നില്‍ ബിജെപി അവതരിപ്പിക്കുന്നത് മോദിയെയും കേന്ദ്രസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെയുമാണ്. ഇതേ അടവ് തന്നെയാണ് ബിജെപി കര്‍ണാടകയിലും പയറ്റിയത്.
ALSO READ: കാല് മാറി വന്നു, 'കൈ' തുണച്ചില്ല; ഒടുവിൽ കാലിടറി ഷെട്ടാര്‍
വോട്ടെടുപ്പിനോട് അടുത്ത ദിവസങ്ങളില്‍ മോദി നേരിട്ട് എത്തിയാണ് കര്‍ണാടകയിലെ ബിജെപി പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കീലോ മീറ്ററുകളോളം നടത്തിയ റോഡ് ഷോയും കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളും കര്‍ണാടകയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്നം കണ്ട മോദിക്കും ബിജെപിക്കും വരും ദിവസങ്ങളില്‍ ബിജെപി മുക്ത ദക്ഷിണേന്ത്യ എന്ന കാഴ്ചയാണ് കാണേണ്ടി വരിക. ദക്ഷിണേന്ത്യയില്‍ ബിജെപി ആകെ ഭരിച്ചിരുന്ന ഒരേയൊരു സംസ്ഥാനമായിരുന്നു കര്‍ണാടക. കഴിഞ്ഞ 36 വര്‍ഷമായി സംസ്ഥാനത്ത് ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ല. ഇത്തവണ ചരിത്രം മാറ്റിയെഴുതാനുറച്ചാണ് ബിജെപി കളത്തിലിറങ്ങിയത്. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി അച്ചടക്കമുള്ള സംഘടന പ്രവര്‍ത്തനത്തിലൂടെയാണ് കോണ്‍ഗ്രസ് ബിജെപിയുടെ വെല്ലുവിളിയെ നേരിട്ടത്.
എല്ലാ സംസ്ഥാനങ്ങളിലും പയറ്റുന്ന കേന്ദ്രത്തിന്റെ വികസന രാഷ്ട്രീയം ബിജെപി കര്‍ണാടകയിലും ഉപയോഗിക്കുമെന്ന് നേരത്തെ മനസിലാക്കിയതാണ് കോണ്‍ഗ്രസിന് കരുത്തായത്. ഇതോടെ പ്രാദേശിക വിഷയങ്ങളിലൂന്നിയ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തിയത്. ബിജെപി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ 40% കരാര്‍ കമ്മീഷന് അഴിമതി ആരോപണം, വിലക്കയറ്റം തുടങ്ങിയ ട്രംപ് കാര്‍ഡുകളാണ് കോണ്‍ഗ്രസ് പരീക്ഷിച്ചത്. ബിജെപിയോട് കട്ടയ്ക്ക് നിന്ന് പോരാടിയ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറുമെല്ലാം കര്‍ണാടക വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. രാജസ്ഥാന് പുറമെ മറ്റൊരു വലിയ സംസ്ഥാനം കൂടി സ്വന്തമാക്കാനായതില്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഒരുപോലെ ആശ്വസിക്കാം. അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ഈ വിജയം കരുത്താകും.
കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടാനായത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ആശ്വാസമാകും. സ്വന്തം നാട്ടില്‍ തന്നെ ആദ്യ ജയം എന്നതിന്റെ ഇരട്ടി മധുരവുമുണ്ട്. വിവാദമായ പ്രസംഗത്തിന്റെ പേരില്‍ രാഹുലിന് എം പി സ്ഥാനം നഷ്ടമായത് ഈ അടുത്ത കാലത്താണ്. ലോക്സഭയില്‍ നിന്ന് പടിയിറങ്ങാന്‍ കാരണമായ അതേ മണ്ണില്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കാനായത് രാഹുല്‍ ഗാന്ധി എന്ന നേതാവിന്റെ പ്രവര്‍ത്തനങ്ങളുടെ കൂടെ ഫലമാണെന്ന് പറയാം. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി 21 ദിവസമാണ് രാഹുല്‍ കര്‍ണാടകയില്‍ ചെലവഴിച്ചത്. ഇതിനെല്ലാം പുറമെ, തൂക്കുമന്ത്രി സഭ സ്വപ്നം കണ്ട ജെഡിഎസിനും എച്ച് ഡി കുമാരസ്വാമിയ്ക്കും കനത്ത തിരിച്ചടി നല്‍കാനും കോണ്‍ഗ്രസിന് കഴിഞ്ഞു. വിലപേശലിന് തത്ക്കാലം ഇടയില്ലാത്തതിനാല്‍ ആരുടെ കാലും പിടിക്കാതെ കോണ്‍ഗ്രസിന് ധൈര്യമായി കര്‍ണാടക ഭരിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...