ന്യൂഡല്‍ഹി: ഭക്ഷ്യസംസ്കരണ മേഖലയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനായി 'വേള്‍ഡ് ഫുഡ് ഇന്ത്യ 2017' പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച വിഗ്യാന്‍ ഭവനില്‍ ഉദ്ഘാടനം ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

നവംബര്‍ മൂന്നു മുതല്‍ അഞ്ചു വരെയാണ് പരിപാടി. ഭക്ഷ്യമന്ത്രാലയമാണ് ഇത് സംഘടിപ്പിക്കുന്നത്. ആഗോളതലത്തില്‍ ഈ മേഖലയില്‍ നിന്നുള്ള നിക്ഷേപകരും വ്യവസായപ്രമുഖരും മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ സംബന്ധിക്കും. ഇത് ചരിത്രപ്രാധാന്യമുള്ളതാണെന്ന് പരിപാടിയില്‍ സംബന്ധിക്കവേ ഭക്ഷ്യമന്ത്രി ഹര്‍സിമ്രാട്ട് കൌര്‍ ബാദല്‍ പറഞ്ഞു. അറുപതു രാജ്യങ്ങളില്‍ നിന്നുള്ള ഏഴായിരം ഓഹരി നിക്ഷേപകര്‍ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ അണിനിരക്കുന്നു എന്നത് വലിയ കാര്യമാണെന്നും അവര്‍ പറഞ്ഞു. പതിനൊന്നു ബില്ല്യന്‍ ഡോളറിന്‍റെ ധാരണാപത്രങ്ങളാണ് വരുന്ന മൂന്നു ദിനങ്ങളില്‍ ഇവിടെ ഒപ്പു വയ്ക്കപ്പെടുക.


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭക്ഷ്യസംസ്കരണ മേഖലയില്‍ മികച്ച മാറ്റങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് ബാദല്‍ പറഞ്ഞു. ആഗോളകമ്പനികള്‍ ഇന്ത്യയുമായുള്ള പങ്കാളിത്തത്തിന് സ്വയമേവ തയ്യാറാവുകയാണ്‌. ലോകത്തിലെ ഏറ്റവും വേഗതയുള്ള വളര്‍ച്ചാ നിരക്കുള്ള സാമ്പത്തിക ശക്തികളിലൊന്നാണ് ഇന്ത്യ. അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ ഭക്ഷണാവശ്യങ്ങള്‍ ഇരട്ടിയായി മാറുമെന്നും ബാദല്‍ പറഞ്ഞു. ഭക്ഷണം പാഴാക്കി കളയുന്നതിനെതിരെയും എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷണം ലഭ്യമാക്കുന്ന കാര്യത്തിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. 


ആദ്യമായാണ് ഭക്ഷ്യസംസ്കരണമേഖലയില്‍ ഇത്രയും വലിയൊരു പരിപാടിയ്ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ഇരുന്നൂറോളം കമ്പനികള്‍ ഇതില്‍ ഭാഗഭാക്കാവും. ജര്‍മ്മനി, ജപ്പാന്‍,ഡെന്മാര്‍ക്ക്‌ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുമായി സഹകരിക്കുന്നുണ്ട്.