ലാവോസ്: അതിര്‍ത്തി കടന്നുള്ള തീവ്രവാദവും മതമൗലികവാദ പ്രവര്‍ത്തനങ്ങളും അതിരുവിട്ട കലാപങ്ങളുമാണ് ആസിയാന്‍ രാജ്യങ്ങള്‍ നേരിടുന്ന പ്രധാനവെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ലാവോസില്‍ നടക്കുന്ന പതിനാലാം ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മേഖലയില്‍ വര്‍ധിച്ചു വരുന്ന വിധ്വംസകപ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പ്രധാനമന്ത്രി പരാമര്‍ശിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുടെ കിഴക്ക് ദര്‍ശന നയത്തിന്‍റെ അച്ചുതണ്ടായി വര്‍ത്തിക്കുന്നത് ആസിയാനാണ്. ആസിയാന്‍- ഇന്ത്യ സഹകരണ ഉടമ്പടി (2016-2020) പ്രകാരമുള്ള പദ്ധതികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇതിനോടകം 54 പദ്ധതികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞെന്നും മോദി വ്യക്തമാക്കി. 


മേഖലയില്‍ സമാധാനം ഉറപ്പാക്കുവാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്നും, സാമ്പത്തിക-സുരക്ഷാ മേഖലകളിലും സാമൂഹിക-സാംസ്കാരികരംഗത്തുമായി വ്യാപിച്ചു കിടക്കുന്നതാണ് ആസിയാന്‍ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള സഹകരണമെന്നും മോദി ചൂണ്ടിക്കാട്ടി. ഉച്ചകോടിക്കായി രണ്ട് ദിവസം ലാവോസില്‍ തുടരുന്ന പ്രധാനമന്ത്രി വിവിധ ആസിയാന്‍ രാഷ്ട്ര തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.