ലോക്സഭയിലും ഗോഡ്സെയെ ദേശഭക്തനെന്ന് പ്രകീര്‍ത്തിച്ച് പ്രഗ്യാ സിംഗ് ഠാക്കൂര്‍
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഘാതകന് നാഥുറാം വിനായക് ഗോഡ്സെ ദേശഭക്തനെന്ന് ആവര്‍ത്തിച്ച് ബിജെപി എം.പി പ്രഗ്യാ സിംഗ് ഠാക്കൂര്‍.
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഘാതകന് നാഥുറാം വിനായക് ഗോഡ്സെ ദേശഭക്തനെന്ന് ആവര്‍ത്തിച്ച് ബിജെപി എം.പി പ്രഗ്യാ സിംഗ് ഠാക്കൂര്‍.
ലോകസഭയില്‍ എസ്.പി.ജി ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് പ്രഗ്യാ സിംഗ് വീണ്ടും തന്റെ നിലപാട് ആവര്‍ത്തിച്ചത്. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.
ചര്‍ച്ചയ്ക്കിടെ ഗോഡ്സെ രചിച്ച "വൈ ഐ കില്‍ഡ് ഗാന്ധി' എന്ന പുസ്തകത്തിലെ ഒരു വാക്യം ഡിഎംകെ എംപി എ.രാജ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. 32 വര്‍ഷമായി ഗാന്ധിയോട് തനിക്ക് വിരോധമുണ്ടായിരുന്നതായി ഗോഡ്സെ തന്നെ സമ്മതിച്ചിട്ടുള്ളതാണ് എന്നായിരുന്നു രാജയുടെ പരാമര്‍ശം. ഒരു പ്രത്യേക ആദര്‍ശത്തില്‍ വിശ്വസിച്ചിരുന്നതുകൊണ്ടാണ് ഗോഡ്സെ ഗാന്ധിജിയെ വധിച്ചതെന്നും രാജ അഭിപ്രായപ്പെട്ടു. പ്രഗ്യാ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. 'ഒരു ദേശസ്നേഹിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടരുത്' എന്നായിരുന്നു പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പ്രതികരണം.
അതേസമയം, പ്രഗ്യാ സിംഗിന്റെ വിവാദ പരാമര്‍ശം പാര്‍ലമെന്റ് രേഖകളില്‍ നിന്ന് നീക്കിയിട്ടുണ്ട്. സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദേശപ്രകാരമാണ് പരാമര്‍ശം നീക്കിയത്.
അതേസമയം, പ്രഗ്യാ സിംഗ് ഠാക്കൂറിനെ പിന്തിരിപ്പിച്ച് സീറ്റില്‍ ഇരുത്താനായിരുന്നു ബിജെപി അംഗങ്ങളുല് ശ്രമിച്ചത് എന്നും റിപ്പോര്‍ട്ട് ഉണ്ട്.
ലോകസഭ തിരഞ്ഞെടുപ്പ് വേളയിലും പ്രഗ്യാ സിംഗ് ഠാക്കൂര്‍ വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഗോഡ്സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ പുനപരിശോധന നടത്തണമെന്നുമായിരുന്നു പ്രഗ്യയുടെ പരാമര്‍ശം.
അന്ന് പ്രഗ്യയുടെ പ്രസ്താവനയില്‍ ആദ്യം മൗനം പാലിച്ച പ്രധാനമന്ത്രി മോദിക്ക് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. പിന്നീട് പ്രഗ്യയെ ഭോപ്പാലില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത് താനാണെങ്കിലും മഹാത്മാ ഗാന്ധിയെ അവഹേളിച്ചതിന് പ്രഗ്യാ സിംഗ് ഠാക്കൂറിനോട് തനിക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.