കര്‍ണാടക മന്ത്രിസഭാ പുന:സംഘടന: പുറത്തായ മന്ത്രി ബിജെപിയിലേക്കെന്ന് സൂചന
കര്‍ണാടക പ്രജന്യവന്ത ജനതാ പാര്‍ട്ടിയുടെ എംഎല്‍എയാണ് ആര്‍.ശങ്കര്‍.
ബംഗളൂരു: കര്‍ണാടകത്തില്‍ നടത്തിയ മന്ത്രിസഭാ വിപുലീകരണത്തില്‍ പുറത്തായ മന്ത്രി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. കോണ്‍ഗ്രസിലെ വനംപരിസ്ഥിതി മന്ത്രി ആര്‍. ശങ്കറാണ് ബിജെപിയിലേക്ക് പോകുമെന്ന്‍ സൂചന നല്‍കിയത്.
കര്‍ണാടക പ്രജന്യവന്ത ജനതാ പാര്‍ട്ടിയുടെ എംഎല്‍എയാണ് ആര്‍.ശങ്കര്‍. ബിജെപിയുമായി ഇതുവരെ സംസാരിച്ചിട്ടില്ല, അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് തന്നെ തള്ളിയതായി ഞാന്‍ തിരിച്ചറിയുന്നു. ബിജെപിയുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. മന്ത്രിസഭയില്‍ നിന്ന് പുറത്തായതോടെ ഒരു പുനരാലോചന നടത്തുമെന്നും ആര്‍.ശങ്കര്‍ വ്യക്തമാക്കി.
ശങ്കറിനെ കൂടാതെ മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രിയായ രമേഷ് ജാര്‍കിഹോളിക്കും മന്ത്രസഭാ പുനഃസംഘടനയില്‍ സ്ഥാനം നഷ്ടമായിട്ടുണ്ട്. അദ്ദേഹം നേരത്തെ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു.
മന്ത്രിസഭാ യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന് പകരമായി സഹോദരന്‍ സതീഷ് ജാര്‍കിഹോളി പുതിയ മന്ത്രിമാരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. സതീഷ് ജാര്‍കിഹോളിയടക്കം എട്ട് പുതിയ മന്ത്രിമാരുടെ പേരാണ് കോണ്‍ഗ്രസ് ശനിയാഴ്ച പുറത്തുവിട്ട ലിസ്റ്റിലുള്ളത്. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ.