ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജനവിരുദ്ധമെന്ന് ആരോപിച്ച് ഡല്‍ഹി രാം ലീല മൈതാനത്ത് നടക്കുന്ന 'ജന്‍ ആക്രോശ് റാലി'യില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2019ലെ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് രാഹുല്‍ ഗാന്ധി സൂചിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

'കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തുവാരും. കോണ്‍ഗ്രസ് അവിടെ അധികാരത്തിലെത്തും. അഴിമതിക്കേസില്‍ കുടുങ്ങിയ യെദ്യൂരപ്പയെ മുന്നില്‍ നിര്‍ത്തിയാണ് അഴിമതിക്കെതിരെ അവര്‍ സംസാരിക്കുന്നത്. പതിനോരായിരം കോടിയുമായി മുങ്ങിയ നീരവ് മോദിയെക്കുറിച്ചും മോദി മിണ്ടുന്നില്ല. പ്രധാനമന്ത്രി പറയുന്നതില്‍ സത്യത്തിന്‍റെ അംശമുണ്ടോ എന്ന്‍ അന്വേഷിക്കുന്നതിന്‍റെ ഗതികേടിലാണ് ജനങ്ങള്‍...' രാഹുല്‍ ഗാന്ധി ആരോപിച്ചു.


ഭരണഘടനാ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് ആര്‍എസ്എസുകാരെ തിരുകി കയറ്റുകയാണെന്നും ബിജെപിക്കെതിരായ പോരാട്ടത്തില്‍ പാര്‍ട്ടിയില്‍ ഐക്യം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍, തൊഴിലില്ലായ്മ, ദളിത്- ആദിവാസി- ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, ബാങ്ക് തട്ടിപ്പുകള്‍ എന്നിവയാണ് മോദി ഭരണത്തിന്‍ കീഴില്‍ വ്യാപകമായി നടക്കുന്നതെന്നാരോപിച്ചാണ് ജന്‍ ആക്രോശ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.


ഡല്‍ഹിയിലെ രാം ലീല മൈതാനത്ത് തുടരുന്ന 'ജന്‍ ആക്രോശ് റാലി' രാഹുല്‍ ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷനായ ശേഷം ദേശീയ തലത്തില്‍ നടത്തുന്ന ആദ്യ റാലിയാണ്. റാലിക്കായി രാം ലീല മൈതാനത്ത് വന്‍ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.