Kiren Rijiju: വിദേശികൾക്ക് പപ്പുവിനെ അറിയില്ല, രാഹുൽ ഗാന്ധി ഐക്യത്തിന് അപകടകരം, കേന്ദ്രമന്ത്രി കിരൺ റിജിജു
Kiren Rijiju: രാഹുല്‍ ഗാന്ധി ദേശീയ ഐക്യത്തിന് അങ്ങേയറ്റം അപകടകാരിയാണെന്നായിരുന്നു കോൺഗ്രസ് എംപിയ്ക്കെതിരെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു അഭിപ്രായപ്പെട്ടത്.
New Delhi: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്തിടെ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നടത്തിയ പ്രസംഗം പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിയ്ക്കുകയാണ്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന തരത്തില്‍ പ്രകോപനപരമായ പ്രസ്താവനകളാണ് രാഹുല്‍ ഗാന്ധി വിദേശത്ത് നടത്തിയത് എന്ന ആരോപണവുമായി BJP രംഗത്തെത്തിയിരിയ്ക്കുകയാണ്.
രാഹുല്‍ ഗാന്ധി ദേശീയ ഐക്യത്തിന് അങ്ങേയറ്റം അപകടകാരിയാണെന്നായിരുന്നു കോൺഗ്രസ് എംപിയ്ക്കെതിരെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു അഭിപ്രായപ്പെട്ടത്. കേന്ദ്രത്തിലെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി അടുത്തിടെ ലണ്ടനിൽ നടത്തിയ പ്രസ്താവനകളായിരുന്നു ഈ പരാമര്‍ശത്തിന് ആധാരം.
കേംബ്രിഡ്ജ് സർവ്വകലാശാലയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോയും കേന്ദ്രമന്ത്രി പങ്കുവെച്ചിരുന്നു, അതിൽ പ്രധാനമന്ത്രി മോദി ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെ തകർത്തുവെന്ന് വിമർശിക്കുന്നത് കാണാം.
"സ്വയം പ്രഖ്യാപിത" കോൺഗ്രസ് രാജകുമാരൻ എല്ലാ പരിധികളും ലംഘിച്ചുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ട്വിറ്ററിൽ കുറിച്ചു. രാഹുൽ ഗാന്ധി 'പപ്പു' ആണെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് അറിയാം എന്നാൽ അദ്ദേഹം യഥാർത്ഥത്തിൽ 'പപ്പു' ആണെന്ന് വിദേശികൾക്ക് അറിയില്ല. അദ്ദേഹത്തിന്‍റെ വിഡ്ഢിത്തങ്ങളോട് പ്രതികരിക്കേണ്ട ആവശ്യമില്ല, പക്ഷേ അദ്ദേഹത്തിന്‍റെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ ഇന്ത്യാ വിരുദ്ധ ശക്തികൾ ദുരുപയോഗം ചെയ്യുന്നു എന്നതാണ് പ്രശ്നം, കേന്ദ്രമന്ത്രി റിജിജു ട്വിറ്ററിൽ കുറിച്ചു.
പാർലമെന്‍റില്‍ പ്രതിപക്ഷ നേതാക്കളുടെ മൈക്കുകൾ പലപ്പോഴും സ്വിച്ച് ഓഫ് ചെയ്യാറുണ്ടെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് റിജിജു ചൊവ്വാഴ്ച രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
"അത് രാഹുൽ ഗാന്ധിയോ മറ്റുള്ളവരോ ആകട്ടെ, അവർ പുലർച്ചെ മുതൽ പ്രദോഷം വരെ സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അധിക്ഷേപിച്ചുകൊണ്ടേയിരിക്കുന്നു. കൂടുതൽ സംസാരിക്കുന്നയാൾ തങ്ങളെ സംസാരിക്കാൻ അനുവദിക്കില്ലെന്ന് പറയുന്നു," റിജിജു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ വിഷയത്തില്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ ഹരിവംശും കോൺഗ്രസ് നേതാവിനെ രൂക്ഷമായി വിമര്‍ശിച്ചു.
അദ്ദേഹത്തിന്‍റെ പ്രസ്താവന തികച്ചും തെറ്റും അടിസ്ഥാനരഹിതവുമാണ്, കഴിഞ്ഞ ഒമ്പത് വർഷമായി പാർലമെന്‍റിലുള്ള താന്‍ ഒരിക്കൽ പോലും ഇങ്ങനെയൊരു പരാമര്‍ശം കേട്ടിട്ടില്ല, ഹരിവംശ് പറഞ്ഞു.
ലണ്ടനിൽ പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച രാഹുല്‍ പാർലമെന്‍റില്‍ പ്രതിപക്ഷത്തിന്‍റെ ശബ്ദം അടിച്ചമർത്തുകയാണെന്ന് കേംബ്രിഡ്ജിൽ പ്രസ്താവിച്ചിരുന്നു. വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നയം എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുക, ഇന്ത്യയുടെ സമ്പത്ത് രണ്ടോ മൂന്നോ നാലോ അഞ്ചോ വലിയ ആളുകൾക്ക് കൈമാറുക ഇതാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത് എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
'വിദേശ മണ്ണിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നു' എന്ന ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ, തന്‍റെ കേംബ്രിഡ്ജ് പ്രഭാഷണത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന ഒന്നും തന്നെയില്ല എന്നാണ് രാഹുൽ ഗാന്ധി മറുപടി നല്‍കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...