യുപി: ബിജെപി എംഎല്‍എയുടെ മകള്‍ ദളിത്‌ യുവാവിനെ വിവാഹം കഴിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. യുപിയിലെ ബിജെപി എംഎൽഎ രാജേഷ് മിശ്രയുടെ മകൾ സാക്ഷി മിശ്ര, ഭർത്താവ് അജിതേഷ് കുമാർ എന്നിവരെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

സുരക്ഷാ തേടി അലഹബാദ് കോടതിയിലെത്തിയ ദമ്പതികളെ കോടതിക്ക് പുറത്തുവച്ച് തോക്കിന്‍മുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നു. ദളിത് യുവാവായ അജിതേഷിനെ വിവാഹം കഴിച്ചതിന് ബിജെപി എംഎല്‍എയായ പിതാവില്‍ നിന്നും ഭീഷണി നേരിടുന്നുവെന്ന പരാതിയുമായി രംഗത്തെത്തിയവരാണ് സാക്ഷിയും ഭര്‍ത്താവ് അജിതേഷും. 


തിങ്കളാഴ്ച രാവിലെ 8.30 ഓടെ കോടിതിയുടെ മൂന്നാം ഗേറ്റിനു പുറത്ത് കേസ് വിളിക്കുന്നതായി കാത്തുനില്‍ക്കവെയാണ് ആയുധധാരികളായ സംഘം ദമ്പതികളെ തട്ടിക്കൊണ്ടുപോയത്. ആഗ്ര ജില്ലയുടെ രജിസ്‌ട്രേഷന്‍ നമ്പറിലുള്ള SUVയിലാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. വാഹനത്തിനു പുറത്ത് ‘ചെയര്‍മാന്‍’ എന്ന് എഴുതിയിട്ടുണ്ടെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.


സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.


റാം ജാനകി ക്ഷേത്രത്തില്‍ വച്ച് ജൂലൈ നാലിനാണ് സാക്ഷിയും അജിതേഷും വിവാഹിതരായത്. എന്നാല്‍, അങ്ങനെയൊരു വിവാഹം നടത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തി റാം ജാനകി ക്ഷേത്രത്തിലെ പൂജാരി പരശുറാം ദാസ് രംഗത്തെത്തിയിരുന്നു. വിവാഹം നടന്നതായി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ റാം ജാനകി ക്ഷേത്രത്തിന്‍റെയും ആചാര്യ വിശ്വപതി ശുകലിന്‍റെയും പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്.


ആചാര്യ വിശ്വപതിയും റാം ജാനകി ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ല എന്നാണ് പരശുറാം പറയുന്നത്. 40 വര്‍ഷമായി ഇവിടെയുള്ള തന്‍റെ സ്റ്റാമ്പ് ആ സര്‍ട്ടിഫിക്കറ്റില്‍ ഇല്ലെന്നും അത് കെട്ടിചമച്ചതാണെന്നു൦ പരശുറാം പറഞ്ഞു.


ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ രാജേഷ് മിശ്രയുടെ മകൾ സാക്ഷി മിശ്ര പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 


കുടുംബത്തിന്‍റെ എതിർപ്പ് മറികടന്നാണ് ദളിത് വിഭാഗത്തിൽപ്പെട്ട അജിതേഷ് കുമാറുമായി സാക്ഷി വിവാഹിതയായത്. തന്‍റെയും ഭർത്താവിന്‍റെയും ജീവന് ഭീഷണിയുണ്ടെന്നാണ് സാക്ഷി വീഡിയോയില്‍ പറഞ്ഞിരുന്നത്. തനിക്കും ഭർത്താവിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനു൦ എന്തെങ്കിലും സംഭവിച്ചാൽ പിതാവും സഹോദരനു൦ രാജീവ് റാണയുമായിരിക്കും ഉത്തരവാദികളെന്നും സാക്ഷി പറഞ്ഞിരുന്നു.