ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തില്‍ വിധി പറയുന്നത് സുപ്രീംകോടതി നീട്ടി. കേന്ദ്ര സര്‍ക്കാരിന്‍റെ അവശ്യപ്രകാരമാണ്‌ വിധി പറയുന്നത് ഒരാഴ്ചത്തേക്ക് നീട്ടിയത്. 2016ല്‍ ജല്ലിക്കെട്ടിന് താല്‍ക്കാലിക അനുമതി നല്‍കിയതിനെതിരായ ഹര്‍ജി പരിഗണിക്കുന്നതാണ് ഇന്ന് സുപ്രിം കോടതി മാറ്റിവച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ്‌നാട്ടിലെ ക്രമസമാധാനം മുന്‍ നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ വിധി പറയുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. മൃഗസംരക്ഷണത്തിനൊപ്പം തന്നെ പാരമ്പര്യവും പരിഗണിക്കണമെന്നും കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുൾ റോഹ്​ത്തഗി അറിയിച്ചു.


അതേസമയം, ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ തമിഴ്‌നാട്ടില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭം നാലാം ദിവസും തുടരുന്നു. ആയിരത്തിലധികം പേരാണ് ചെന്നൈ മറീനാ ബീച്ചില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. 


ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ സിനിമാ-സംഗീത മേഖലയില്‍ നിന്നുള്ളവരും നിരാഹാരസമരം നടത്തുന്നു. ഓസ്കാര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍.റഹ്മാന്‍ അടക്കമുള്ള  താരനിര തമിഴ്നാട്ടില്‍ നിരാഹാരം ഇരിക്കുകയാണ്. രജനികാന്ത്‌ , അജിത്ത്,  വിജയ്‌, സൂര്യ തുടങ്ങിയവര്‍ മുന്‍പേ തന്നെ ജെല്ലിക്കെട്ട് അനുകൂല പ്രക്ഷോഭത്തിനു മുന്‍നിരയിലുണ്ട്. തമിഴ്നാട്ടില്‍ ഇന്ന്‍  സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല.  


അതിനിടെ, ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് താംബരത്ത്​ ട്രെയിൻ തടയാന്‍ ശ്രമിച്ച ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനെ മുൻകരുതലായി പൊലീസ് കസ്​റ്റഡിയിലെടുത്തു.​​ നേരത്തെ മമ്പാലത്ത്​ പാർട്ടി​ പ്രവർത്തകർ പൊലീസ്​ ബാരിക്കേഡുകൾ തകർക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്​തിരുന്നു.


അതേസമയം, ജെല്ലിക്കെട്ട് നിരോധനം മറികടക്കാന്‍ ഓര്‍ഡിനന്‍സ്‌ പുറത്തിറക്കുമെന്ന് എഐഎഡിഎംകെ നേതാവും തമിഴ്നാട്‌ മുഖ്യമന്ത്രിയുമായ ഓ. പനീര്‍ സെല്‍വം അറിയിച്ചു. ഓർഡിനൻസ് ഇന്നോ നാളെയോ രാഷ്ട്രപതിക്കയയ്ക്കും. ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ ജെല്ലിക്കെട്ട് നടത്താന്‍ അനുമതി ലഭിക്കുമെന്നും അതിനാല്‍ ജനങ്ങള്‍ പിരിഞ്ഞു പോകണമെന്നും ഓ പനീര്‍ സെല്‍വം അഭ്യര്‍ത്ഥിച്ചു.