ന്യൂഡൽഹി: വിവിപാറ്റ്​ സംവിധാനത്തിൽ പേപ്പർ സ്ലിപ്പുകൾ എണ്ണുന്നത്​ നിർബന്ധമാക്കണമെന്നത് സംബന്ധിച്ച ഹര്‍ജിയില്‍ ​കേന്ദ്ര തെരഞ്ഞെടുപ്പ്​ കമ്മീഷനും​ കേന്ദ്ര സർക്കാറിനും സുപ്രീംകോടതി നോട്ടീസ്​. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ മൂന്നംഗബെഞ്ചാണ്​ ഇതുസംബന്ധിച്ച കേസ്​ പരിഗണിക്കുന്നത്​. സൂറത്തിലെ ജൻ ചേതന  പാർട്ടി നേതാവായ മനുഭാവി ചവാദയാണ്​ ഹര്‍ജി സമർപ്പിച്ചത്​. തെരഞ്ഞെടുപ്പ്​ നിയമത്തിലെ 56(D) 2(2) ചട്ടത്തെ ചോദ്യം ചെയ്​താണ്​ ഹര്‍ജി.


നിയമത്തിലെ 56(D) 2(2) പ്രകാരം വിവിപാറ്റ്​ ഡ്രോപ്പ്ബോക്സിലുള്ള പേപ്പർ സ്ലിപ്പുകള്‍ എണ്ണുന്നതിനുള്ള അപേക്ഷയെ തിരസ്കരിക്കാനുള്ള അധികാരം റിട്ടേണിംഗ് ഓഫീസർക്ക് ലഭിക്കുന്നു.  ഇതിനെയാണ് ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തിരിക്കുന്നത്. 


പുതിയ നിയമനുസരിച്ച് ഇലക്​ട്രോണിക്​ വോട്ടിങ്​ യന്ത്രങ്ങൾക്കൊപ്പം വിവിപാറ്റ്​ ഉപകരണങ്ങളും ഘടിപ്പിച്ചാണ്​ ഇനി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടത്തുക. ഈ രീതി പ്രകാരം വോട്ടിങ്​ യന്ത്രത്തിൽ രേഖപ്പെടുത്തുന്ന വോട്ടുകൾ പേപ്പർ  സ്ലിപ്പുകളിലും ഒരേസമയം രേഖപ്പെടുത്തപ്പെടും. ഇതുവഴി വോട്ടര്‍ക്ക്‌ തങ്ങളുടെ വോട്ട് തീര്‍ച്ചപ്പെടുത്തുവാനുള്ള അവസരം ലഭിക്കുന്നു. അതൊടൊപ്പം വോട്ട്​ സംബന്ധിച്ച്​ തർക്കമുണ്ടായാൽ ​​പേപ്പർ സ്ലിപ്പുകൾ കൂടി എണ്ണി ഫലപ്രഖ്യാപിക്കും. 


എന്നാൽ, ഈ രീതി മാറ്റി ​​പേപ്പർ സ്ലിപ്പുകൾ എണ്ണുന്നത്​ നിർബന്ധമാക്കണമെന്നാണ്​ ഹര്‍ജിക്കാരൻ വാദിക്കുന്നത്​. അതുകൂടാതെ ഈ പേപ്പറുകൾ രണ്ട്​ വർഷത്തേക്ക്​ സൂക്ഷിക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നുണ്ട്. 


ഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലത്തിലേയും ഒരു പോളിംഗ് സ്റ്റേഷനിലെ പേപ്പര്‍ സ്ലിപ് എണ്ണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍,  സംസ്ഥാനത്തെ എല്ലാ പോളിംഗ് ബൂത്തിലെയും പേപ്പര്‍ സ്ലിപ് എണ്ണാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  


ഇത്തരത്തിൽ വീണ്ടും ​പേപ്പര്‍  ബാലറ്റുകൾ എണ്ണാൻ തുടങ്ങിയാൽ അത്​ പഴയ തെരഞ്ഞെടുപ്പ്​ രീതിയിലേക്കുള്ള  മടങ്ങിപോക്കാവുമെന്ന്​ വാദമാണ്​ വിദ്​ഗധർ ഉന്നയിക്കുന്നത്.