കൊല്‍ക്കത്ത: അവശേഷിക്കുന്ന 25 മണ്ഡലങ്ങളുടെ വിധി നിര്‍ണ്ണയിക്കുന്ന അവസാനഘട്ട വോട്ടെടുപ്പ് പശ്ചിമ ബംഗാളില്‍ ആരംഭിച്ചു. ആറ്  ഘട്ടമായിട്ടാണ്  ബംഗാളിലെ വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്   . കിഴക്കന്‍ മിഡ്നാപുര്‍, കൂച്ച് ബിഹാര്‍ ജില്ലകളിലെ 25 മണ്ഡലങ്ങളിലാണ് പോളിങ് പുരോഗമിക്കുന്നത്.വോട്ടെടുപ്പിന് കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. 50,000 സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ടാകും. കൂച്ച്ബിഹാറില്‍ 123 കമ്പനി കേന്ദ്ര സേനയെയും ഈസ്റ്റ് മിഡ്നാപ്പൂരില്‍ 238 കമ്പനിയും കേന്ദ്രസേനയെ വിന്യസിച്ചതായി തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

2011ലെ തെരഞ്ഞെടുപ്പിൽ ഈസ്റ്റ് മിഡ്നാപ്പൂർ ജില്ലയിലെ 16 സീറ്റുകൾ തൃണമൂൽ കോൺഗ്രസ് നേടിയിരുന്നു. എന്നാൽ, ഇത്തവണ സി.പി.എം-കോൺഗ്രസ് സഖ്യം നേട്ടം കൊയ്യുമെന്നാണ് വിലയിരുത്തൽ . ഭൂമി ഏറ്റെടുക്കലിനെതിരെ ഈസ്റ്റ് മിഡ്നാപ്പൂരിലെ നന്ദിഗ്രാമിൽ നടന്ന ജനകീയ പ്രക്ഷോഭമാണ് 34 വർഷം നീണ്ട ഇടതു ഭരണത്തിന് അന്ത്യം കുറിച്ചത്.



കോണ്‍ഗ്രസ് പിന്തുണയുള്ള സി.പി.ഐ സ്ഥാനാര്‍ത്ഥി അബ്ദുള്‍ കബീര്‍ ഷെയ്ഖിനെ നേരിടാന്‍ താംലൂക്ക് ലോക്സഭ മണ്ഡലത്തിൽ നിന്ന് എം.പി.യായ  സുവേന്ദു അധികാരിയെയാണ് നന്ദിഗ്രാമിൽ ഇക്കുറി തൃണമൂൽ കളത്തിലിറക്കിയിട്ടുള്ളത് . മഹിസാദല്‍ സീറ്റില്‍ മത്സരിക്കുന്ന പരിസ്ഥിതി മന്ത്രി സുദര്‍ശന്‍ ഘോഷ് ദസ്തിദാറാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന  മറ്റൊരു വി.ഐ.പി.  18 സ്ത്രീകളടക്കം 170 സ്ഥാനാര്‍ഥികളാണ് അവസാന ഘട്ടത്തിൽ മത്സരിക്കുന്നുണ്ട്  . 58 ലക്ഷം പേർക്ക് സമ്മതിധാനാവകാശം നിർവഹിക്കാനായി 6774 പോളിങ് ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്. മേയ് 19ന് ഫലം പ്രഖ്യാപിക്കും.