`ഓപ്പറേഷൻ പൈലറ്റ്` : ജ്യോതിരാദിത്യ സിന്ധ്യയുടെ വഴി സച്ചിൻ ?
ഈ ഓപ്പറേഷൻ ഗെഹ്‌ലോട്ടിനെ ദേശീയ അധ്യക്ഷനാക്കുന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
രാജ്യത്തെ ഒന്നിപ്പിക്കാൻ രാഹുൽ ചുവടുകൾ വയ്ക്കുമ്പോൾ വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾ കൂടുവിട്ട് കൂടുമാറുന്ന സ്ഥിതിയാണ്. ഗോവയിൽ ഉണ്ടായ നീക്കം എന്തായാലും രാജസ്ഥാനിൽ തത്കാലം ഉണ്ടാകില്ലെന്ന് കോൺഗ്രസിന് ആശ്വസിക്കാം. പക്ഷെ അശോക് ഗെലോട്ട് അനുകൂലികളുടെ 'ഓപ്പറേഷൻ പൈലറ്റ്' രാജസ്ഥാനിൽ വിജയിച്ചു.
ഈ ഓപ്പറേഷൻ ഗെഹ്‌ലോട്ടിനെ ദേശീയ അധ്യക്ഷനാക്കുന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. എന്നിരുന്നാലും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി കസേരയിൽ നിന്ന് അകറ്റി നിർത്തുന്നതിൽ ദൗത്യം പൂർണ്ണമായും വിജയിച്ചുവെന്ന് പറയാം. എങ്കിലും രാജസ്ഥാൻ കോൺഗ്രസിന്റെ മുന്നോട്ട് പോക്ക് ഏങ്ങനെയാകും എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
Also Read: പിഎഫ്ഐക്കെതിരെ വീണ്ടും നടപടി; 8 സംസ്ഥാനങ്ങളിൽ റെയ്‌ഡ്, നിരവധി പേർ കസ്റ്റഡിയിൽ!
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കൊണ്ടുവരികയും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി കസേരയിലിരുത്തിയും പ്രശ്നം പരിഹരിക്കാമെന്നായിരുന്നു എഐസിസി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ ഒരാൾക്ക് ഒരു പദവിയെന്ന ജയ്പൂർ ചിന്തൻ ശിബിരത്തിലെ എഐസിസി പ്രഖ്യാപനം കൊണ്ടുവന്ന് ഗെലോട്ട് കാര്യങ്ങൾ തനിക്ക് അനുകൂലമാക്കി.
പ്രതിസന്ധി ഒഴിവാക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഔദ്യോഗിക ആശിർവാദവുമായി ദിഗ്‌വിജയ് സിംഗ് കടന്നുവരവോടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് സ്വാഭാവികമായും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഒഴിവാകും.അതിന് ഒരുപക്ഷെ മുതിർന്ന നേതാക്കളോടും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗിനോടും ഗെലോട്ടിന് തീർത്താൽ തീരാത്ത കടപാട് ഉണ്ടായാലും അതിൽ അത്ഭുതപ്പെടേണ്ടതില്ല.
രാജസ്ഥാൻ കോൺഗ്രസിന്റെ മൂന്നിൽ രണ്ട് എംഎൽഎമാരും മുഖ്യമന്ത്രി ഗെലോട്ടിനൊപ്പം നിൽക്കുന്നവരാണ്. അതിനാൽ, കോൺഗ്രസ് ഭരണത്തിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലായതിനെത്തുടർന്ന് പ്രബലമായ ഗെലോട്ട് ക്യാമ്പിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാനുള്ള ശ്രമത്തിൽ എഐസിസി അതിന്റെ പരിധി തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന സോണിയാ ഗാന്ധിയുടെ നിർദ്ദേശം അവഗണിച്ച മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ നടപടിയെടുക്കാൻ പോലും കഴിയാത്തത്.
പ്രശ്നപരിഹാരം നിർദ്ദേശിക്കാൻ മുതിർന്ന നേതാവ് ഏ കെ ആന്റണി ഡൽഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. ഒപ്പം രാജസ്ഥാൻ സന്ദർശിച്ച ശേഷം പാർട്ടി ചുമതലയുള്ള അജയ് മാക്കൻ, മല്ലികാർജ്ജുൻ ഗാർഗെ എന്നിവർ പാർട്ടി നേതൃത്വത്തിന് നൽകിയ റിപ്പോർട്ടും പരിശോധിച്ചു. തുടർന്നാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗിന്റെ രംഗപ്രവേശം. ഒപ്പം രാജസ്ഥാനിലെ സംഘടനാ- ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്ന ആഘാതവും ചർച്ചയായതോടെ ഗെലോട്ടും കോൺഗ്രസ് ഹൈക്കമാൻഡും തമ്മിലുള്ള അമർഷത്തിന്റെ മഞ്ഞ് ഉരുകി തുടങ്ങി.
Also Read: ഡി.കെ ശിവകുമാറിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി
ഗെലോട്ട് ഒഴിയുന്നതോടെ മുഖ്യമന്ത്രിയാകാമെന്ന പ്രതീക്ഷയിൽ ഡൽഹിയിലെത്തിയ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഇതോടെ നിരാശനാണ്. ഇനി തന്റെ മുൻ സഹപ്രവർത്തകൻ ജ്യോതിരാദിത്യ സിന്ധ്യയുടെ വഴി സച്ചിൻ പൈലറ്റ് തേടുമോയെന്നതാണ് രാഷ്ട്രീയ ഗോദയിൽ ഉയരുന്ന ചോദ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...