ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ വീണ്ടും റെയ്ഡ് നടക്കുന്നതായി റിപ്പോർട്ട്. എട്ട് വ്യത്യസ്ത സംസ്ഥാനങ്ങളിലാണ് പിഎഫ്‌ഐക്കെതിരെ റെയ്ഡുകൾ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനയുടെ നേതൃത്വത്തിലാണ് റെയ്‌ഡ് നടക്കുന്നത് എന്നാണ് പ്രാഥമിക വിവരം. നിരവധി പിഎഫ്ഐ അംഗങ്ങളെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസിയും മറ്റ് അന്വേഷണ ഏജൻസികളും സംയുക്തമായിട്ടാണ് പരിശോധന നടത്തുന്നതെന്നാണ് വിവരം. എന്നാൽ റെയ്‌ഡ് നടത്തുന്നത് എൻഐഎ അല്ല എന്ന റിപ്പോർട്ടുമുണ്ട്. മംഗളൂരുവിൽ നിന്ന് 10 പേരെയും ഉഡുപ്പിയിൽ നിന്ന് 3 പേരെയും കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്. കർണാടകത്തിൽ ചാമരാജ്‍നഗർ, കൽബുർഗി എന്നിവിടങ്ങളിൽ റെയ്ഡുകൾ പുരോഗമിക്കുകയാണ്.
Also Read: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ വ്യാപക റെയ്ഡ്; നേതാക്കൾ കസ്റ്റഡിയിൽ!
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കർണാടക, അസം, ഡൽഹി, യുപി, മധ്യപ്രദേശ്, മഹാരാഷ്ട്ര, പൂനെ എന്നിവിടങ്ങളിൽ റെയ്‌ഡ് നടക്കുന്നതായിട്ടാണ് വിവരം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ പോലീസ് നടത്തിയ റെയ്ഡിൽ അസമിലെ കാംരൂപ് ജില്ലയിലെ നാഗർബെര മേഖലയിൽ നിന്നും ഏഴ് പിഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തു. പൂനെയിൽ ആറ് പി എഫ് ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉത്തർപ്രദേശിലെ സിയാന, സരൂർപൂർ, മീററ്റിലെ ലിസ്രി ഗേറ്റ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാത്രി മുതൽ റെയ്ഡ് തുടരുകയാണ്. മീററ്റ്, ബുലന്ദ്ഷഹർ, സീതാപൂർ എന്നിവിടങ്ങളിൽ നിന്നും നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. അന്വേഷണ ഏജൻസികൾക്കൊപ്പം ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിന്റെയും ലോക്കൽ പോലീസിൻ്റെയും നേതൃത്വത്തിലാണ് തിങ്കളാഴ്ച രാത്രി മുതൽ ഡൽഹിയിൽ പരിശോധനയും റെയ്ഡും നടത്തുന്നത്. ഷഹീൻ ബാഗ് ജാമിയ പ്രദേശങ്ങളിൽ നടന്ന പരിശോധനയിൽ 12 പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്.
വിവിധ കേസുകളിലായി 100 ൽ അധികം പിഎഫ്‌ഐ അംഗങ്ങളേയും അവരുമായി ബന്ധമുള്ളവരേയും ഇഡിയും എൻഐഎയും സംസ്ഥാന പോലീസും ചേർന്ന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടക്കുന്ന റെയ്‌ഡെന്നാണ് വിവരം ലഭിക്കുന്നത്. നേരത്തെ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ 15 സംസ്ഥാനങ്ങളിലായി 93 സ്ഥലങ്ങളിൽ പിഎഫ്ഐയ്ക്കെതിരെ എൻഐഎയും ഇഡിയും ചേർന്ന് മിന്നൽ റെയ്‌ഡ് നടത്തിയിരുന്നു.
കർണാടകയിലെ പിഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം, എസ്ഡിപിഐ സെക്രട്ടറി ഷെയ്ഖ് മസ്ഖ്‌സൂദ് എന്നിവരെപോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടി സ്വീകരിച്ചതായും റിപ്പോർട്ടുണ്ട്. തീവ്രവാദ ബന്ധമുണ്ടെന്ന റിപ്പോർട്ടുകളുടെ തുടർന്ന് ബംഗളൂരുവിൽ നിന്ന് മാത്രം 10 പേരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. നേരത്തെ കസ്റ്റഡിയിലെടുത്ത പോപ്പുലർ ഫ്രണ്ട് ഭീകരരെ ചോദ്യം ചെയ്തതിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് എൻഐഎക്ക് ലഭിച്ചത്. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, തുർക്കി തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങൾ വഴിയുള്ള സാമ്പത്തിക സഹായം പ്രവർത്തനത്തിന് ലഭിച്ചെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ കസ്റ്റഡിയിലെടുത്തവരിൽ നിന്നും എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.
കേരളത്തിൽ സെപ്റ്റംബർ 22 ന് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ, ഇഡി പരിശോധന നടത്തിയിരുന്നു. ന്യൂഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലായിരുന്നു റെയ്‌ഡ് നടന്നത്. കേരളത്തിൽ നിരവധിയിടങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. കേന്ദ്ര സേനയുടെ സഹായത്തോടെയായിരുന്നു റെയ്‌ഡ്. റെയ്ഡിനെതിരെ നേതാക്കൾ രൂക്ഷഭാഷയിൽ രംഗത്തെത്തുകയുണ്ടായി. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ, ഇഡി എന്നീ കേന്ദ്ര ഏജൻസികൾ അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ പ്രതികരിച്ചു. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...