ന്യൂഡല്‍ഹി:  രാജസ്ഥാനില്‍ നാടക്കുന്ന  കോണ്‍ഗ്രസ് പ്രതിസന്ധിയില്‍  സച്ചിന്‍ പൈലറ്റിന് താല്‍ക്കാലിക വിജയം...  സുപ്രീംകോടതിയില്‍ സ്പീക്കര്‍ക്ക് തിരച്ചടി...


COMMERCIAL BREAK
SCROLL TO CONTINUE READING

സച്ചിന്‍ പൈലറ്റ്  (Sachin Pilot) ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ക്കെതിരേ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന രാജസ്ഥാന്‍ സ്പീക്കറുടെ ആവശ്യമാണ് സുപ്രീംകോടതി  (Supreme Court) തള്ളിയത്. 
 
കോണ്‍ഗ്രസ്  (Congress) വിമതര്‍ നല്‍കിയ ഹര്‍ജിയില്‍  വിധി പ്രസ്താവിക്കുന്നതിന് ഹൈക്കോടതിക്ക് നിയന്ത്രണങ്ങളില്ലെന്നും ഹൈക്കോടതി ഉത്തരവ് എന്തായാലും സുപ്രീംകോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ  ബെഞ്ച് വ്യക്തമാക്കി. 


ഹര്‍ജി 27ന്  സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കല്‍ ആവശ്യമുണ്ടെന്നാണ് കോടതിയുടെ  നിരീക്ഷണം.   


ജനാധിപത്യത്തില്‍ വിയോജിപ്പിന്‍റെ   ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനാവില്ലെന്ന്  സുപ്രീംകോടതി നിരീക്ഷിച്ചു.  ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധിക്ക് ഏതെങ്കിലും വിഷയത്തിലുള്ള അദ്ദേഹത്തിന്‍റെ  വിയോജിപ്പ് പാര്‍ട്ടിയില്‍ രേഖപ്പെടുത്തുന്നതിനുള്ള അവകാശമില്ലേയെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചത്.


Also read: രാജസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധി, പ്രധാനമന്ത്രിയ്ക്ക് അശോക് ഗെഹ്‌ലോട്ടിന്‍റെ കത്ത്......!!


വിയോജിപ്പിന്‍റെ  ശബ്ദം അടിച്ചമര്‍ത്താന്‍ കഴിയില്ല. ജനാധിപത്യത്തില്‍ ആര്‍ക്കെങ്കിലും ആരെയെങ്കിലും ഇത്തരത്തില്‍ അടിച്ചമര്‍ത്താന്‍ കഴിയുമോ?  കോടതിചോദിച്ചു. പാര്‍ട്ടിയ്ക്ക് അകത്ത് തന്നെ ജനാധിപത്യം ഇല്ലേയെന്നും കോടതി ചോദിച്ചു. 


എന്നാല്‍ അതിന് മറുപടി പറയേണ്ടത് എം.എല്‍.എമാരാണ് എന്നായിരുന്നു  സ്പീക്കര്‍ക്കുവേണ്ടി  ഹാജരായ  കപില്‍ സിബല്‍ (Kapil Sibal) വാദിച്ചത്.   എം.എല്‍.എമാര്‍ തീര്‍ച്ചയായും അവരുടെ മറുപടി നല്‍കേണ്ടതുണ്ടായിരുന്നു. അവര്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു. അല്ലെങ്കില്‍ എന്തുകൊണ്ട് പങ്കെടുത്തില്ലെന്ന് അവര്‍ പറയേണ്ടിയിരുന്നു. അതാണ് അവര്‍ക്കെതിരായ ആരോപണമെന്നും കപില്‍  സിബല്‍ പറഞ്ഞു.


Also read: 'രാജ്യത്തെ "നിയമവാഴ്ച" ഭരിക്കുന്നവരുടെ നിയമമായി മാറിയിരിക്കുന്നു...!! കേന്ദ്രത്തിനെതിരെ കപില്‍ സിബല്‍


നിലവിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിമത എം.എല്‍.എമാര്‍ ഗൂഢാലോചന നടത്തിയെന്ന് കപില്‍ സിബല്‍ ആരോപിച്ചെങ്കിലും എം.എല്‍.എമാര്‍ക്കെതിരായ അയോഗ്യത നടപടി അംഗീകരിക്കാനാവുന്നതാണോ അല്ലയോ എന്ന കാര്യമാണ് കോടതി പരിശോധിക്കുന്നത് എന്നായിരുന്നു ജഡ്ജിയുടെ മറുപടി.


പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തില്ല എന്നത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാകുമോ എന്നും കോടതി കപില്‍ സിബലിനോട് ചോദിച്ചു. അത് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അത് സ്പീക്കര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു സിബല്‍ ഇതിന് മറുപടി നല്‍കിയത്.


ഹൈക്കോടതിക്ക് വിധി പറയുന്നതുമായി മുന്നോട്ടുപോകാം. അതേസമയം സുപ്രീംകോടതിയുടെ അന്തിമതീരുമാനത്തിന് വിധേയമായിരിക്കും ഹൈക്കോടതി ഉത്തരവെന്ന് കോടതി വ്യക്തമാക്കി.   ഹൈക്കോടതി നടപടിക്രമങ്ങൾ സുപ്രീംകോടതിയിലേക്ക് മാറ്റുകയോ നടപടികൾ സ്റ്റേ ചെയ്യുകയോ വേണമെന്ന് കപിൽ സിബൽ  വാദിച്ചെങ്കിലും കോടതി വഴങ്ങിയില്ല.


അതേസമയം, സച്ചിൻ പൈലറ്റ് ക്യാമ്പിലെ എംഎൽഎമാ൪  നൽകിയ ഹര്‍ജിയിൽ രാജസ്ഥാൻ ഹൈക്കോടതി നാളെ വിധി പറയും.