രാജസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധി, പ്രധാനമന്ത്രിയ്ക്ക് അശോക് ഗെഹ്‌ലോട്ടിന്‍റെ കത്ത്......!!

  രാജ്യം കോവിഡ് പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തില്‍ രാജസ്ഥാനില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപി  എന്ന് ആരോപിച്ച്  മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 

Last Updated : Jul 23, 2020, 12:31 AM IST
രാജസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധി, പ്രധാനമന്ത്രിയ്ക്ക്  അശോക്  ഗെഹ്‌ലോട്ടിന്‍റെ കത്ത്......!!

ജയ്പൂര്‍:  രാജ്യം കോവിഡ് പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തില്‍ രാജസ്ഥാനില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപി  എന്ന് ആരോപിച്ച്  മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 

ഈ തിരക്കഥയില്‍ പങ്കാളികളായവര്‍ക്ക്   ചരിത്രം മാപ്പ് നല്‍കില്ല എന്നും  സംസ്ഥാനത്ത് ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാവുന്ന  ഇത്തരം കാര്യങ്ങളില്‍ ഇടപെടണം കത്തിലൂടെ  ഗെഹ്‌ലോട്ട്  ആവശ്യപ്പെട്ടു.
 
"1985 ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ നടപ്പാക്കിയ കൂറുമാറല്‍ വിരുദ്ധ നിയമത്തെ ലംഘിച്ച് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ കുറച്ചുകാലമായി നടക്കുന്നുണ്ട്. ആ നിയമം പിന്നീട് ഭേദഗതി ചെയ്തത് അടല്‍ ബിഹാരി വാജ്പേയി ആണ്. ഇത് ജനങ്ങളുടെ തീരുമാനത്തെ അപമാനിക്കുന്നതും ഭരണഘടനാ മൂല്യങ്ങളുടെ തുറന്ന ലംഘനവുമാണ്. കര്‍ണാടകയും മധ്യപ്രദേശും ഇതിന് പ്രധാന ഉദാഹരണങ്ങളാണ്",  ഗെഹ്‌ലോട്ട്  പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി.

"ഈ വിഷയത്തെക്കുറിച്ച് നിങ്ങള്‍ക്ക് എത്രത്തോളം അറിയാമെന്നോ എന്തൊക്കെ തെറ്റിദ്ധാരണ അങ്ങേയ്ക്കുണ്ടെന്നോ എനിക്കറിയില്ല. എന്തൊക്കെയായാലും ഇതിന്‍റെ  തിരക്കഥയില്‍ പങ്കാളികളായവര്‍ക്കൊന്നും ചരിത്രം മാപ്പ് നല്‍കില്ല", ഗെഹ്‌ലോട്ട്  പറഞ്ഞു.

ജനങ്ങളുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കുക എന്നതായിരിക്കണം സര്‍ക്കാരിന്‍റെ  മുന്‍ഗണനയെന്നിരിക്കെ, ഒരു സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള പ്രധാന ഗൂഢാലോചനാ കേന്ദ്രമായി കേന്ദ്രസര്‍ക്കാര്‍ മാറിയിരിക്കുകയാണെന്നും ഗെഹ്‌ലോട്ട്  കത്തില്‍ ആരോപിച്ചു. 

കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍  രാജ്യം വ്യാപൃതമാണെങ്കിലും  അതിനിടയിലും ഇത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന. അത്തരം സമയത്തുപോലും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ ശ്രമങ്ങളില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവതും മറ്റ് ചില ബി.ജെ.പി നേതാക്കളും ചില വിമത കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഗെഹ്‌ലോട്ട്  കത്തില്‍ ചൂണ്ടിക്കാട്ടി.

ഒരാഴ്ചയോളമായി നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്കിടെ, സുപ്രധാന കോടതി വിധികള്‍ വരാനിരിക്കെ, ഗെഹ്‌ലോട്ട്   പ്രധാനമന്ത്രിക്ക് കത്തയച്ചത് അസാധാരണ നീക്കമാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വ്യാഴാഴ്ച വിമതരുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും... 

More Stories

Trending News