ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുടുക്കിയ നമ്പിനാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നമ്പിനാരായണനെ അനാവശ്യമായി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചെന്ന് കോടതി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് സമിതിയെ  നിയോഗിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി ഡി.കെ ജെയിന്‍ അധ്യക്ഷനായ സമിതിക്കാണ് അന്വേഷണ ചുമതല.


തന്നെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിവേണമെന്ന നമ്പി നാരായണന്‍റെ ഹര്‍ജിയില്‍ വിധി പറയുകായിരുന്നു സുപ്രീംകോടതി. മൂന്നുവര്‍ഷമായി സുപ്രീംകോടതിയിലുള്ള കേസിലാണ് വിധി. നഷ്ടപരിഹാര തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.


തന്‍റെ ഭാവി തകര്‍ത്ത ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, മുന്‍ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരേ നടപടി വേണമെന്നായിരുന്നു നമ്പി നാരായണന്‍റെ ആവശ്യം. സുപ്രീംകോടതിയുടെ ഉത്തരവ് അംഗീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 


നഷ്ടപരിഹാരമല്ല, തന്നെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയാണ് വേണ്ടതെന്നായിരുന്നു നമ്പി നാരായണന്‍റെ മുഖ്യവാദം.  


ഇതിനിടയില്‍ സുപ്രീംകോടതി വിധിയില്‍ പ്രതികരിക്കാനിലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ്‌ പറഞ്ഞു.  


1994 നവംബര്‍ 30-നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിനെതിരായ കേസ് തെറ്റാണെന്ന് സി.ബി.ഐ. നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.


സുപ്രീംകോടതി വിധിയിലും അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതിലും സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. സിമിതിക്ക് പകരം സിബിഐ അന്വേഷണമായിരുന്നു താന്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.