തത്കാൽ ടിക്കറ്റുകൾ ലഭിക്കാൻ വ്യാജ സോഫ്റ്റ്വെയർ; ആറ് പേർ അറസ്റ്റിൽ, 28.14 കോടിയുടെ ടിക്കറ്റുകൾ പിടികൂടി
Tatkal ticket booking: ഗുജറാത്തിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സാണ് തട്ടിപ്പ് കണ്ടെത്തിയത്. വെസ്റ്റേൺ റെയിൽവേയുടെ (ഡബ്ല്യുആർ) രാജ്‌കോട്ട് ഡിവിഷനിലെ ആർപിഎഫ് സംഘം സംഭവത്തിൽ ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തു.
മുംബൈ: അനധികൃത സോഫ്‌റ്റ്‌വെയറുകൾ ഉപയോഗിച്ച് ഐആർസിടിസിയുടെ 28.14 കോടി രൂപയുടെ തത്കാൽ ടിക്കറ്റുകൾ വിറ്റ അന്തർ സംസ്ഥാന റാക്കറ്റ് പിടിയിൽ. ഗുജറാത്തിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സാണ് തട്ടിപ്പ് കണ്ടെത്തിയത്. വെസ്റ്റേൺ റെയിൽവേയുടെ (ഡബ്ല്യുആർ) രാജ്‌കോട്ട് ഡിവിഷനിലെ ആർപിഎഫ് സംഘം സംഭവത്തിൽ ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് 43.42 ലക്ഷം രൂപ വിലമതിക്കുന്ന 1,688 വിൽക്കാത്ത ടിക്കറ്റുകൾ കണ്ടെടുക്കുകയും ചെയ്തതായി രാജ്‌കോട്ട് ആർപിഎഫിലെ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ പവൻ കുമാർ ശ്രീവാസ്തവ ബുധനാഴ്ച അറിയിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടക്കുകയായിരുന്നു. വ്യാജ ഐപി വിലാസങ്ങൾ സൃഷ്ടിക്കുന്നത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ സോഫ്‌റ്റ്‌വെയറുകൾക്ക് പുറമെ, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ (ഐആർസിടിസി) ഉപയോക്തൃ ഐഡികൾ സൃഷ്‌ടിക്കാൻ പ്രതികൾ “ഡിസ്‌പോസിബിൾ” മൊബൈൽ ഫോൺ നമ്പറുകളും ഇമെയിൽ വിലാസങ്ങളും ഉപയോഗിച്ചതായി അവരുടെ പ്രവർത്തന രീതിയെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണത്തിൽ കണ്ടെത്തിയതായും ശ്രീവാസ്തവ പറഞ്ഞു. “തട്ടിപ്പ് സംബന്ധിച്ച് ചില സൂചനകളുടെ അടിസ്ഥാനത്തിൽ, രാജ്‌കോട്ട് ആസ്ഥാനമായുള്ള ട്രാവൽ ഏജന്റ് മനൻ വഗേലയെ മെയ് മാസത്തിൽ അറസ്റ്റ് ചെയ്തിരുന്നു.
നിയമവിരുദ്ധമായ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് വഗേല ഐആർസിടിസി പോർട്ടലിൽ നിന്ന് റെയിൽവേ ടിക്കറ്റുകൾ മൊത്തമായി വാങ്ങാറുണ്ടായിരുന്നു. പിന്നീട്, സോഫ്‌റ്റ്‌വെയർ വിൽപ്പന നടത്തിയ കനയ്യ ഗിരിയെ മുംബൈയിൽ നിന്ന് ജൂലൈയിൽ അറസ്റ്റ് ചെയ്തു, ”അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ വൽസാദ് ജില്ലയിലെ വാപി ടൗണിൽ നിന്ന് സോഫ്റ്റ്‌വെയർ ഡെവലപ്പർ അഭിഷേക് ശർമയെയും ആർപിഎഫ് പിടികൂടിയിരുന്നു. കോവിഡ്-എക്സ്, ബ്ലാക്ക് ടൈഗർ തുടങ്ങിയ സോഫ്‌റ്റ്‌വെയറുകളുടെ 'സൂപ്പർ ഡിസ്ട്രിബ്യൂട്ടർ' ഗിരി ആയിരുന്നു. അഭിഷേക് ശർമ്മയാണ് സോഫ്‌റ്റ്‌വെയറുകൾ വികസിപ്പിച്ചത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അമൻ ശർമ, വീരേന്ദ്ര ഗുപ്ത, അഭിഷേക് തിവാരി എന്നിങ്ങനെയുള്ള അന്തർ സംസ്ഥാന സംഘത്തിലെ മറ്റ് മൂന്ന് പേരെ കൂടി ആർപിഎഫ് പിടികൂടി.
ഉത്തർപ്രദേശ്, മുംബൈ, വൽസാദ്, സുൽത്താൻപൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. “ഒരു കമ്പ്യൂട്ടറിൽ നിന്ന് ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം ഐആർസിടിസി പരിമിതപ്പെടുത്തിയതിനാൽ, പ്രതികൾ നിരവധി വ്യാജ ഐപി വിലാസങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചെടുത്തു. ഒരൊറ്റ കമ്പ്യൂട്ടർ ഉപയോഗിച്ച് കൂടുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇത് അവരെ സഹായിക്കും,” മുതിർന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. ഐആർസിടിസി പോർട്ടലിൽ വ്യാജ യൂസർ ഐഡികൾ സൃഷ്ടിക്കുന്നതിനും ഓരോ ഐഡിക്കും ഒടിപി ലഭിക്കുന്നതിനുമായി സംഘം ചില ട്രാവൽ ഏജന്റുമാർക്ക് “ഡിസ്പോസിബിൾ” മൊബൈൽ ഫോൺ നമ്പറുകളും ഇമെയിൽ ഐഡികളും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 28.14 കോടി രൂപയുടെ ടിക്കറ്റുകൾ ഇത്തരം മാർഗങ്ങൾ ഉപയോഗിച്ചാണ് വാങ്ങിയതെന്നും ആ ടിക്കറ്റുകൾ വിറ്റ് സംഘാംഗങ്ങൾ വൻ കമ്മീഷൻ നേടിയെന്നും ശ്രീവാസ്തവ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...